urula
ഇടുക്കി ഉരുളക്കിഴങ്ങ്

കൊച്ചി: ഇടുക്കിയിലെ ഉരുളക്കിഴങ്ങ് നല്ല ഫ്രഷായി ഇനി കൊച്ചിയിലെത്തും. ജോലിക്ക് പോകാനുള്ള തിരക്കിനിടയിൽ അരിയാൻ നേരമില്ലെന്ന് പറഞ്ഞ് ഗൃഹനാഥകൾ മാറ്റിവയ്ക്കുന്ന വാഴപ്പിണ്ടി, വാഴക്കൂമ്പ്, ചേനത്തണ്ട് എല്ലാം അടുപ്പിലേക്ക് പോകാനുള്ള പാകത്തിന് അരിഞ്ഞ് പായ്ക്ക് ചെയ്തതും നഗരവാസികൾക്കായെത്തും. സി.എം.എഫ്.ആർ.ഐയുടെ എറണാകുളം കൃഷി വിജ്ഞാന കേന്ദ്രം (കെവികെ). കെ.വി. കെയുടെ ഫാം ഷോപ്പിയിൽ ആണ് എല്ലാം കയ്യെത്തും ദൂരത്തിലെത്തുന്നത്.

മൂന്നാർ, വട്ടവട, മറയൂർ തുടങ്ങിയ സ്ഥലങ്ങളിൽ സ്വയം സഹായക കർഷക സംഘങ്ങൾ കൃഷി ചെയ്യുന്ന ഉരുളക്കിഴങ്ങിന് ആവശ്യക്കാരേറെയാണ്. ഇവ തമിഴ്‌നാട്ടിലെ വിപണികളിലേക്ക് പോകുന്ന സാഹചര്യത്തിലാണ് കെ.വി.കെ മുന്നിട്ടിറങ്ങി നഗരത്തിലേക്ക് ഈ ഉരുളക്കിഴങ്ങ് എത്തിക്കുന്നത്.

ഫ്രെഷ് പച്ചക്കറി
നാടൻ വിത്തുകളുപയോഗിച്ച് ഇടുക്കിയിൽ തന്നെ വി​ളയുന്ന വെളുത്തുള്ളിയും ഫാം ഷോപ്പിയിൽ ലഭ്യമാണ്. 'റെഡി ടു കുക്ക്' രൂപത്തിൽ കഴുകി അരിഞ്ഞ് പാക്ക് ചെയ്ത വിവിധയിനം പച്ചക്കറികളാണ് ഫാം ഷോപ്പിയിലെ മറ്റൊരു പ്രധാന ആകർഷണം. എറണാകുളം ജില്ലയിലെ കർഷക സംഘങ്ങൾ വെജിറ്റബിൾ ആന്റ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിലിന്റെ മേൽനോട്ടത്തിൽ ജൈവകൃഷിയിലൂടെ ഉൽപാദിപ്പിച്ച പച്ചക്കറികളാണ് പായ്ക്കറ്റുകളിലാക്കി വി.എഫ്.പി.സി.കെ. യുടെ തന്നെ ബ്രാൻഡിൽ സി.എം.എഫ്.ആർ.ഐയിലുള്ള ഫാം ഷോപ്പിയിലെത്തുന്നത്. സാമ്പാർ, അവിയൽ, വിവിധതരം തോരനുകൾ എന്നിവയ്ക്കുള്ള പായ്ക്കറ്റുകൾ ലഭ്യമാണ്. 30 ഓളം പച്ചക്കറി പാക്കറ്റുകൾ ഫാം ഷോപ്പിയിലുണ്ട്. നഗര പരിധിയിലുള്ള ഓഫീസുകൾ , റെസിഡന്റ്‌സ് അസോസിയേഷനുകൾ തുടങ്ങിയവർക്ക് ദിവസേന ഒന്നിച്ച് എത്തിച്ച് കൊടുക്കാനുള്ള സൗകര്യവുമുണ്ട്. ഫോൺ: 8281757450

മായമില്ലാത്ത മീനും

കയ്യെത്തും ദൂരത്ത്
മത്സ്യത്തൊഴിലാളികൾ പിടിച്ച മത്സ്യങ്ങൾ അവരുടെ വീടുകളിൽ തന്നെ വൃത്തിയാക്കി പാക്ക് ചെയ്തതും ഫാം ഷോപ്പിയിലുണ്ട്. കടൽ, കായൽ മത്സ്യങ്ങൾ മത്സ്യത്തൊഴിലാളികളുടെ തന്നെ ബ്രാൻഡിൽ ഫുഡ് സേഫ്ടി മുദ്രയോടെയാണ് ഇടനിലക്കാരെ ഒഴിവാക്കിയാണ് വിപണനം. മത്തി, അയല, ചെമ്മീൻ, കരിമീൻ, കൂരി, കൊഴുവ, കരിമീൻ തുടങ്ങിയ ചെറു മീനുകളാണ് കൂടുതലും. നാടൻ കോഴി, കരിങ്കോഴി, താറാവ് എന്നിവയുടെ മുട്ട, വെളിച്ചെണ്ണ, തേൻ, പൊക്കാളി പുട്ട് പൊടി, പൊക്കാളി അരി, ഉണക്കമീൻ, ഉണക്കചെമ്മീൻ, നെയ്യ്, മറയൂർ ശർക്കര തുടങ്ങി അനേകം ഉൽപ്പന്നങ്ങൾ ഇവി​ടെ ലഭ്യമാണ്.