കൊച്ചി:കണ്ണൂർ വിമാനത്താവളത്തിലൂടെ സ്വർണം കടത്തിയ കേസിൽ കസ്‌റ്റംസ് ഇൻസ്‌പെക്‌ടർമാരും ഡൽഹി സ്വദേശികളുമായ രോഹിത് കുമാർ ശർമ്മ, കൃഷൻ കുമാർ, ജാർഖണ്ഡ് സ്വദേശി സകേന്ദ്ര പാസ്വാൻ എന്നിവരെ ഡയറക്‌ടറേറ്റ് ഒഫ് റവന്യു ഇന്റലിജൻസ് (ഡി.ആർ.ഐ) അറസ്‌റ്റ് ചെയ്‌തു. തൊട്ടു പിന്നാലെ മൂവരെയും കൊച്ചി കസ്‌റ്റംസ് കമ്മിഷണർ സുമിത് കുമാർ സസ്‌പെൻഡും ചെയ്‌തു. കഴിഞ്ഞ ദിവസം മറ്റൊരു ഇൻസ്‌പെക്‌ടറായിരുന്ന രാഹുൽ പണ്ഡിറ്റിനെ ഡി.ആർ.ഐ അറസ്‌റ്റ് ചെയ്‌തിരുന്നു.
കഴിഞ്ഞ 19 ന് കണ്ണൂർ വിമാനത്താവളത്തിൽ നാലുകോടി രൂപയുടെ 11 കിലോഗ്രാം സ്വർണവുമായി മൂന്നുപേർ പിടിയിലായ കേസിലാണ് നടപടി. വടക്കൻ കേരളത്തിലെ ജുവലറികളിലേക്ക് സ്വർണമെത്തിക്കുന്ന കോഴിക്കോട്ടെ സ്വർണക്കടത്ത് സംഘത്തിന് വേണ്ടിയാണ് നാലുപേരും പ്രവർത്തിച്ചത്. കാരിയർമാരെക്കുറിച്ച് രാഹുൽ പണ്ഡിറ്റിന് വാട്‌സ് ആപ് വഴി കടത്ത് സംഘം സന്ദേശം നൽകും. കാരിയർമാർ വിമാനത്താവളത്തിലെത്തിയാൽ കസ്‌റ്റംസ് ഉദ്യോഗസ്ഥരിലൊരാൾ അവിടെയെത്തും. തുടർന്ന് ഇവരെ പരിശാേധനകളിൽ നിന്നും ഒഴിവാക്കും. കള്ളക്കടത്ത് റാക്കറ്റിൽ നിന്നും ലഭിക്കുന്ന പ്രതിഫലം വീതിച്ച് നൽകിയതും രാഹുലായിരുന്നു.
അറസ്‌റ്റിലായ നാലുപേരും 2015 ബാച്ച് ഉദ്യോഗസ്ഥരാണ്. കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും കസ്‌റ്റംസ് പ്രിവന്റീവ് ഡിവിഷനിലേക്ക് മാറ്റിയ രാഹുൽ സ്വർണക്കടത്ത് സംഘവുമായി ചേർന്നു. രാഹുൽ ഒരു വർഷമാണ് കോഴിക്കോട് പ്രവർത്തിച്ചത്. മറ്റ് മൂന്ന്‌പേരെയും കണ്ണൂർ വിമാനത്താവള ഉദ്‌ഘാടനത്തോടനുബന്ധിച്ചാണ് നിയമിച്ചത്. പ്രതികളെ എറണാകുളം അഡിഷണൽ ജുഡിഷ്യൽ മജിസ്‌ട്രേട്ട് (സാമ്പത്തിക കുറ്റകൃത്യങ്ങൾ) കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. ഇവരെ കസ്‌റ്റഡിയിൽ ലഭിക്കാൻ ഡി.ആർ.ഐ അപേക്ഷ നൽകും.