തോപ്പുംപടി: എം.എൽ.എ ഫണ്ട് ഉപയോഗിച്ച് പടിഞ്ഞാറൻ കൊച്ചിയിൽ പണി കഴിപ്പിക്കുന്ന ഫുട്പാത്തുകൾ പലതും പൊട്ടിപൊളിഞ്ഞ നിലയിൽ.തോപ്പുംപടി ബി.ഒ.ടി.ജംഗ്ഷനിൽ പണിതുയർത്തിയ ആധുനിക ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം പണിത ടൈലുകളിൽ ഭൂരിഭാഗവും പൊട്ടി തകർന്നു.ബസ് സ്റ്റോപ്പിലെ സ്റ്റീൽ കൈവരി കമ്പികൾ പാതി വഴിയിൽ നിർത്തി.സമീപത്ത് കടകളിൽ വരുന്ന വലിയ വാഹനങ്ങൾ കയറിയതും ടൈലുകൾ പൊട്ടിപൊളിയാൻ കാരണമായി.ഇതേ തുടർന്ന് ട്രാഫിക്ക് പൊലീസ് ഇവിടെ വാഹനം പാർക്ക് ചെയ്യുന്നതിന് വിലക്ക് ഏർപ്പെടുത്തി. പള്ളുരുത്തി ഭാഗങ്ങളിൽ വെളി, മരുന്ന് കട, നട തുടങ്ങിയ സ്ഥലങ്ങളിൽ പാകിയ ടൈലുകളിൽ പലതും പൊട്ടിപൊളിഞ്ഞു. കനത്ത മഴയിൽ ജോലികൾ നടത്തിയതാണ് ഇതിന് കാരണം. പള്ളുരുത്തിയിൽ എം.സ്വരാജ് എം.എൽ.എ യുടെ നേത്യത്വത്തിലും തോപ്പുംപടിയിൽ കെ.ജെ. മാക്സി എം.എൽ.എയുടെ നേതൃത്വത്തിലുമാണ് ജോലികൾ നടക്കുന്നത്. രാത്രി സമയത്ത് ടൈലുകൾ പാക്കറ്റോടെ റോഡരുകിൽ കൊണ്ടു വന്നിടുന്നത് കവർച്ചക്കാർക്കും തരമായി. റോഡുകളിലെ വൻകുഴികൾ അടക്കാൻ തിടുക്കം കാണിക്കാത്ത എം.എൽ.എമാർ ഫുട്പാത്തിൽ ടൈൽ പാകുന്നതിനാണ് തിടുക്കം കൂട്ടുന്നതെന്നാണ് നാട്ടുകാർ പറയുന്നത്.

റോഡിലെ കുഴികൾ മൂടാൻ അധികാരികൾക്ക് സമയമില്ല

കനത്ത മഴയിൽ ടൈൽ ജോലികൾ നിർത്തിവെച്ച് റോഡുകളിലെ മരണക്കുഴികൾ മൂടാൻ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാർ പറയുന്നത്.ഇതിനോടകം തോപ്പുംപടി മുതൽ പള്ളുരുത്തി, പെരുമ്പടപ്പ്, ഇടക്കൊച്ചി വരെയുള്ള റോഡുകളിലെ കുഴിയിൽ വീണ് നിരവധി യാത്രക്കാർക്ക് അപകടം സംഭവിച്ചിട്ടും അധികാരികൾ അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നത്.

കൗൺസിലർക്ക് ഒന്നും ചെയ്യാൻ കഴിയ്യില്ല

നാട്ടുകാർ പരാതിയുമായി ഡിവിഷൻ കൗൺസിലറെ സമീപിച്ചപ്പോൾ ഇത് കോർപ്പറേഷൻ ഫണ്ട് അല്ലെന്നും എം.എൽ.എ ഫണ്ട് ആയതിനാൽ തങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്നുമാണ് കൗൺസിലറുടെ മറുപടി.