കൊച്ചി : പനമ്പിള്ളി നഗറിൽ ഡി ആൻഡ് ഒ ലൈസൻസിന് അപേക്ഷ പോലും നൽകാത്ത വ്യാപാര സ്ഥാപനങ്ങൾ ഉടൻ അടച്ചു പൂട്ടണമെന്നും സെപ്തംബർ 29 നകം നടപടികൾ പൂർത്തിയാക്കണമെന്നും ഹൈക്കോടതി കൊച്ചി നഗരസഭക്ക് നിർദ്ദേശം നൽകി. പനമ്പിള്ളി നഗർ അവന്യുവിലെ ഗ്രീൻബെൽറ്റ് ഏരിയ പാർക്കിംഗ് സ്ഥലമായി അനുവദിക്കാനാവില്ല. ഇൗ മേഖലയെ പാർക്കിംഗ് ഏരിയയായി കാണിച്ച് ഡി.ആൻഡ് ഒ ലൈസൻസിന് അപേക്ഷ നൽകാനാവില്ലെന്നും സിംഗിൾബെഞ്ച് വ്യക്തമാക്കി. പനമ്പിള്ളിനഗർ റെസിഡൻഷ്യൽ മേഖലയിൽ വ്യാപാര സ്ഥാപനങ്ങൾ അനധികൃതമായി പ്രവർത്തിക്കുന്നതിനെതിരെ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നിർദ്ദേശങ്ങൾ. ഹർജി സെപ്തംബർ 24 ന് വീണ്ടും പരിഗണിക്കുമ്പോൾ എത്ര ഡി ആൻഡ് ഒ ലൈസൻസ് അപേക്ഷകൾ ലഭിച്ചു, എത്രയെണ്ണം തള്ളി, എത്ര പേർക്കാണ് നൽകിയത് എന്നീ വിവരങ്ങൾ നഗരസഭ നൽകാനും സിംഗിൾബെഞ്ചിന്റെ ഇടക്കാല ഉത്തരവിൽ പറയുന്നു.

 തദ്ദേശ ഭരണ വകുപ്പ് അഡി. ചീഫ് സെക്രട്ടറി ഹാജരായി

കോടതിയുടെ പരിഗണനയിലുള്ള വിഷയത്തിൽ പരാമർശം നടത്തിയതിനെത്തുടർന്ന് സിംഗിൾ ബെഞ്ച് ആവശ്യപ്പെട്ട പ്രകാരം തദ്ദേശ ഭരണ വകുപ്പ് അഡി. ചീഫ് സെക്രട്ടറി ടി.കെ. ജോസ് ഇന്നലെ ഹൈക്കോടതിയിൽ നേരിട്ട് ഹാജരായി. സംഭവത്തിൽ ടി.കെ. ജോസ് ഖേദം പ്രകടിപ്പിച്ചത് രേഖപ്പെടുത്തിയ സിംഗിൾബെഞ്ച് ഇതിന്മേലുള്ള തുടർ നടപടികൾ അവസാനിപ്പിച്ചു.