കോലഞ്ചേരി: കസവു മുണ്ടില്ലാതെ എന്തോണം. ന്യൂ ജെനറേഷൻ ട്രെൻഡായി മാറുകയാണ് കസവു മുണ്ടുകൾ. ഓണം പടിവാതിൽക്കൽ എത്തി നിൽക്കെ കാമ്പസുകളിൽ ഓണാഘോഷത്തിന് മുണ്ടാണ് താരം. പ്രാദേശിക തുണിക്കടകളിലടക്കം മുണ്ടു വാങ്ങാനുള്ള പുതു തലമുറയുടെ തിരക്കും തുടങ്ങി. സിൽവർ, ഗോൾഡൻ കര മുണ്ടുകൾ വാങ്ങിയാൽ ഏതു കളർ ഷർട്ടിനും ചേരുമെന്നതിനാൽ ചെലവേറെയും ഇവയ്ക്കാണെന്ന് പട്ടിമറ്റത്തെ ടെക്സ്റ്റൈൽ വ്യാപാരികളിലൊളായ അനു സിൽക്സിലെ എ.പി കുഞ്ഞുമുഹമ്മദ് പറഞ്ഞു.
മുണ്ടുടുക്കുന്നതിൽ അഭിമാനമുണ്ട്... ഗൃഹാതുരതയുടെ ഉത്സവ കാലമല്ലേ ഓണം എന്നതാണ് ന്യൂ ജെൻ മൊഴി. സാരിയുടുക്കാനറിയാത്തവർക്ക് ബ്യൂട്ടി പാർലറുണ്ട്, എന്നാൽ മുണ്ടുടുക്കാൻ സുഹൃത്തുക്കളും ബന്ധുക്കളും മാത്രം തുണ.
കര വരുന്ന ഭാഗം മടക്കാതെ നിവർന്നു കിടക്കുന്ന ജയറാം സ്റ്റൈൽ ആണത്രെ ഏവർക്കും പ്രിയം. മലയാളിയാണോ മുണ്ടുടുക്കാനും മടക്കി കുത്താനുമറിയണമെന്ന സ്ഥിതിയിലേക്ക് യുവത്വം എത്തി. സ്ഥിരമായി മുണ്ടുടുക്കുന്ന കൂട്ടുകാർ തന്നെയാണ് ഉടുക്കാനറിയാത്തവരുടെ ഗുരു. ഇനി ഉടുത്താൽ അഴിഞ്ഞു പോകുമെന്ന സംശയമുണ്ടോ അവർക്കായി വെൽക്രോ മുണ്ടുകളും വിപണിയിലുണ്ട്. ഒരു വശം ഒട്ടിച്ചു പിടിപ്പിക്കുന്ന മുണ്ടുകൾ അഴിഞ്ഞു പോകുമെന്ന പേടി വേണ്ട. മൊബൈലും, പഴ്സും സൂക്ഷിക്കാൻ പോക്കറ്റുള്ള മുണ്ടുകൾ വരെ വിപണിയിലെത്തി.
എൽ.കെ.ജി മുതൽ മുതിർന്നവർക്കു വരെ ഉടുക്കാൻ പാകത്തിനുള്ള മുണ്ടുകളുമുണ്ട്. ചേട്ടന്മാർക്കാകാമെങ്കിൽ പിന്നെ ഞങ്ങൾക്കെന്താ എന്നാണ് കുരുന്നുകളുടെ ചോദ്യം. മലയാളിയുടെ ഫാഷൻ സങ്കല്പങ്ങൾ കടൽ കടന്നപ്പോൾ മലയാളത്തനിമയായ് നിലനിന്ന മുണ്ടിന് ഓണക്കാലത്തെങ്കിലും വൻ വരവേല്പ് ലഭിക്കുന്നത് പഴമയുടെ ഒരോർമ്മ പുതുക്കലാണ്.