# ഓടിക്കിട്ടിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്
ആലുവ: ആലുവ മെട്രോ ഓട്ടോ തൊഴിലാളികളുടെ വ്യാഴാഴ്ചത്തെ ഓട്ടം വലിയൊരു ലക്ഷ്യത്തിന്റെ സാക്ഷാത്കാരത്തിനായിരുന്നു. ദുരിതബാധിതർക്ക് കൈത്താങ്ങാവുകയായിരുന്നു ലക്ഷ്യം. സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിലാണ് തുക ശേഖരിച്ചത്. 35000 രൂപയോളം പിരിഞ്ഞുകിട്ടി. ഈ തുക അൻവർ സാദത്ത് എം.എൽ.എ മുഖേന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറും.
ആലുവ ട്രാഫിക് എസ്.ഐ അബ്ദുൾ കരീം ദുരിതാശ്വാസ ഫണ്ട് ശേഖരണ യാത്ര ഫ്ളാഗ് ഓഫ് ചെയ്തു. രാവിലെ എട്ടു മണിമുതൽ രാത്രി എട്ടുമണിവരെയുള്ള 12 മണിക്കൂർ സർവീസ് നടത്തി ലഭിച്ച മുഴുവൻ തുകയും സംഭാവന നൽകിയത്. യാത്രക്കാരും ഓട്ടോക്കാരുടെ നന്മയ്ക്ക് നിറഞ്ഞമനസോടെ പിന്തുണ നൽകി. പല യാത്രക്കാരും ബാലൻസ് വാങ്ങിക്കാതെയാണ് സഹകരിച്ചത്. അമ്പത് രൂപയുടെ ഓട്ടത്തിന് 500 രൂപ വരെ നൽകിയ യാത്രക്കാരുണ്ടെന്ന് സംഘാടകനായ വിനോദ് പറഞ്ഞു.