കൊച്ചി: ദേശീയപാതയിൽ കുണ്ടന്നൂർ ജംഗ്ഷനിലെ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാനും നിർമാണപ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കാനും ജില്ലാ കളക്ടർ എസ്. സുഹാസ് വിളിച്ചുചേർത്ത വിവിധ വകുപ്പുകളിലെ ഉന്നതോദ്യോഗസ്ഥരുടെ യോഗത്തിൽ തീരുമാനിച്ചു. ഇന്നലെ കുണ്ടന്നൂർ സന്ദർശിച്ച ശേഷമാണ് കളക്ടർ ദേശീയപാത അതോറിറ്റി, പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗം, പൊലീസ്, കേരള റോഡ് ഫണ്ട് ബോർഡ്, റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷൻ, ജല അതോറിറ്റി ഉദ്യോഗസ്ഥർ എന്നിവരുടെ യോഗം വിളിച്ചത്.
തീരുമാനങ്ങൾ
കുണ്ടന്നൂർ ജംഗ്ഷനിൽ നിന്നും ക്രൗൺ പ്ലാസ ഹോട്ടലിന്റെ ഭാഗത്തേക്കുള്ള സർവീസ് റോഡുകൾ സാധ്യമായിടത്തോളം വീതികൂട്ടി വാഹനഗതാഗതം സുഗമമാക്കും. റോഡിലെ കുഴികൾ നികത്തും. കാൽ നടയാത്രക്കാർക്ക് റോഡ് മുറിച്ചു കടക്കാൻ പെഡസ്ട്രിയൻ ക്രോസിംഗ് ഏർപ്പെടുത്തും. വലിയ കുഴികൾ വെറ്റ് മിക്സ് ഉപയോഗിച്ചോ ഫലപ്രദമായ മറ്റ് മാർഗങ്ങളിലൂടെയോ നികത്തും. റോഡ് നിർമിക്കുന്ന കോൺട്രാക്ടറുടെ പേരും റോഡ് സംബന്ധമായ പരാതികൾ അറിയിക്കുന്നതിനുള്ള ഹോട്ട്ലൈൻ നമ്പറുകളും റോഡിന്റെ ഇരുവശത്തും പ്രദർശിപ്പിക്കും. നിർമാണ പ്രവർത്തനങ്ങൾ മൂലം റോഡിന്റെ തുടർച്ച നഷ്ടപ്പെട്ട ഭാഗങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കും.
റോഡ് ഗതാഗതം സുഗമമാക്കാനുള്ള പ്രാഥമികമായ ചുമതല കരാറെടുത്തിട്ടുള്ള കമ്പനിക്കാണെന്ന് കളക്ടർ വ്യക്തമാക്കി. ഉദ്യോഗസ്ഥർ ദിനംതോറും ഇത് ഉറപ്പാക്കണം. വീഴ്ച വരുത്തുന്നവർക്കെതിരെ ദുരന്തനിവാരണ, റോഡ് സുരക്ഷാ നിയമങ്ങളിലെ വകുപ്പ് പ്രകാരം നടപടി എടുക്കും.
തദ്ദേശസ്ഥാപന റോഡുകളുടെ മേൽനോട്ടം സബ് കളക്ടർക്ക്
തദ്ദേശസ്ഥാപനങ്ങളുടെ ചുമതലയിലുള്ള റോഡുകളെ സംബന്ധിച്ച പരാതികളിൽ മജിസ്റ്റീരിയൽ അധികാരം ഉപയോഗിച്ച് നടപടി സ്വീകരിക്കാൻ ഫോർട്ടുകൊച്ചി സബ് കളക്ടർ സ്നേഹിൽകുമാർ സിംഗിന് കളക്ടർ നിർദേശം നൽകി.