കൊച്ചി‌: ഗോശ്രീ രണ്ടാം പാലത്തിന്റെ വല്ലാർപാടം ഭാഗത്ത് അപകടകരമായ വിള്ളൽ രൂപപ്പെട്ടതോടെ വലിയ വാഹനങ്ങളുടെ ഗതാഗതം നിരോധിച്ചു. പാലം ഇറങ്ങിചെല്ലുന്ന ഭാഗത്ത് വലിയ രീതിയിലാണ് കോൺക്രീറ്റിൽ വിളള്ളൽ രൂപപ്പെട്ടത്. ഇന്നലെ അഞ്ചുമണിയോടെ വിള്ളൽ ശ്രദ്ധയിൽപ്പെട്ട ഓട്ടോ ഡ്രൈവർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.
ഈ പാലം വഴി കണ്ടെയ്‌നർ ലോറികൾ, ബസുകൾ എന്നിവ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങളുടെ യാത്രയാണ് നിരോധിച്ചത്. ചെറിയ വാഹനങ്ങൾ മാത്രമാണ് കടത്തിവിടുന്നത്. അരകിലെ പാലത്തിലൂടെയാണ് വലിയ വാഹനങ്ങക്ക് പ്രവേശനം.വിണ്ടുകീറിയ ഭാഗം പൊലീസ് ബ്ളോക്ക് ചെയ്‌തു.
സംഭവമറിഞ്ഞ് ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ പൂങ്കുഴലി, അസി.കമ്മിഷണർ കെ.ലാൽജി എന്നിവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ഇതിനു ശേഷമാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്. ഇന്ന് പാലത്തിൽ വിദഗ്ദ്ധ പരിശോധന നടത്തും.പോർട്ട് ട്രസ്‌റ്റിനും വിവരം കൈമാറി.
വിള്ളൽ വീണ പാലത്തിലൂടെ ഒറ്റ വരി ഗതാഗതമാണുണ്ടായിരുന്നത്. എതിർവശത്തെ പാലത്തിലൂടെയാണ് എറണാകുളത്തേക്കുള്ള വാഹനങ്ങൾ വന്നിരുന്നത്. രണ്ടു വശങ്ങളിലേക്കും ഒരു പാലത്തിലൂടെ വാഹനങ്ങൾ കയറ്റി വിട്ടതോടെ ഗതാഗതക്കുരുക്കിനും ഇടയാക്കി. രാത്രിയായതിനാൽ ഇന്നലെ പാലത്തിൽ കാര്യമായ പരിശോധന നടന്നില്ല.