ഇടപ്പള്ളി : തമ്മിൽ ഭേദം നഗരത്തിലെ ഹോട്ടലുകൾ
ജില്ലയിലെ ഹോട്ടലുകളിലെ പാചക അന്തരീക്ഷം അൽപ്പമെങ്കിലും ഭേദം നഗരത്തിനുള്ളിലെ സ്ഥാപനങ്ങളാണെന്ന്
ഭക്ഷ്യ സുരക്ഷാ അധികൃതർ വ്യക്തമാക്കുന്നു.
ഓണവിപണികളിലെ തട്ടിപ്പുകൾക്ക് തടയിടാൻ ഭക്ഷ്യ സുരക്ഷാ വകുപ്പ് രംഗത്തിറങ്ങിയ പ്രത്യേക സ്ക്വാഡുകളുടെ കണ്ടെത്തലാണിത്. ഗ്രാമപ്രദേശങ്ങളിലെ ഭൂരിഭാഗം
ഹോട്ടലുകളിലും മോശമായ സാഹചര്യങ്ങളിലാണ് പാചകം.
സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മയാണ്
ഇതിനു പ്രധാന കാരണം. നാടൻ രീതികളാണ് കൂടുതൽ പേരും അവലംബിക്കുന്നത്. പ്രത്യേക സ്ക്വാഡുകൾ ശുചിത്വ മാനദണ്ഡങ്ങളെക്കുറിച്ച് ഇവർക്ക് ബോധവത്കരണം നൽകുന്നുമുണ്ട്.
ഒരാഴ്ചക്കുള്ളിലെ മിന്നൽ പരിശോധനകളിൽ വിവിധ സ്ഥാപനങ്ങളിൽ നിന്ന് 2,70,000 രൂപ പിഴ ഈടാക്കി. ആഹാരസാധനങ്ങൾ നിർമ്മിക്കുന്ന കേന്ദ്രങ്ങളിലും ഹോട്ടലുകളിലും അപകടകരമാവിധം കൃത്രിമ നിറങ്ങൾ ചേർക്കുന്നതായി കണ്ടെത്തി. 145 സ്ഥാപനങ്ങളിൽ നിന്ന് ശർക്കര, പയറുവർങ്ങൾ, വെളിച്ചണ്ണ തുടങ്ങിയവയുടെ സാമ്പിളുകൾ ലാബുകളിലേക്കു അയച്ചിട്ടുണ്ട്. പതിനഞ്ചു ദിവസത്തിനുള്ളിൽ
ഇതിന്റെ ഫലം വരും . ക്രമക്കേടുണ്ടെങ്കിൽ കർശന നടപടിയുണ്ടാകുമെന്ന് ഭക്ഷ്യസുരക്ഷാ ഓഫീസർ ജേക്കബ് തോമസ് പറഞ്ഞു. ജില്ലയിൽ പന്ത്രണ്ടു പേരടങ്ങിയ നാലു പ്രത്യേക സ്ക്വാഡുകളാണ് ഓണം പരിശോധനയ്ക്കുള്ളത്. അടുത്ത മാസം ഏഴുവരെ പരിശോധനകൾ തുടരും.