കോതമംഗലം: സ്വർണത്തിന്റെ തീവിലയൊന്നും അരുൺ സോമനെ മോഹിപ്പിച്ചില്ല. കളഞ്ഞുകിട്ടിയ മൂന്നര പവനിലേറെ വരുന്ന സ്വർണമാല ഉടമസ്ഥന് തിരികെ നൽകി തലക്കോട് അള്ളുങ്കൽ സ്വദേശി വിരിപ്പിൽ വീട്ടിൽ അരുൺ സോമൻ മാതൃകയായി. നെല്ലിമറ്റത്ത് ഡോക്ടറെ കാണാൻ പോകുന്ന വഴിക്കാണ് സ്വർണമാല വഴിയിൽക്കിടന്ന് കിട്ടിയത്. അരുൺ ഈ വിവരം ഊന്നുകൽ പൊലീസിലും ഡോക്ടറെയും അറിയിച്ചു. ഇടുക്കി മച്ചിപ്ലാവ് സ്വദേശി പരിയാരം കുഞ്ഞമ്മ പോളിന്റേതായിരുന്നു നഷ്ടപ്പെട്ട മാല. നെല്ലിമറ്റത്തുള്ള മരുമകന്റെ വീട്ടിൽ എത്തിയപ്പോൾ ഡോക്ടറുടെ അടുത്ത് ചികിത്സ തേടി കുഞ്ഞമ്മ പോയിരുന്നു. ഡോക്ടർ പിന്നീട് എത്തിയ രോഗികളോട് ഇക്കാര്യം പറയുകയും ചെയ്തു. അങ്ങിനെയാണ് കുഞ്ഞമ്മ വിവരം അറിയുന്നത്. കഴിഞ്ഞ ബുധനാഴ്ച ഊന്നുകൽ എസ്.ഐയുടെ സാന്നിദ്ധത്തിൽ അരുണിന്റെ അച്ഛൻ സോമൻ സ്റ്റേഷനിലെത്തി മാല കൈമാറി.