പ്രളയം തർത്തവർക്ക് കൈതാങ്ങാവാൻ പ്രിയയുടെ സംഗീതം
കൊച്ചി: ജീവിതത്തിലെ പ്രതിസന്ധികളോട് സന്ധിയില്ലാ സമരം പ്രഖ്യാപിക്കുമ്പോഴും പ്രിയ പാടുന്നത് ജീവിത പ്രശ്നങ്ങളിൽ കാലിടറുന്നവർക്ക് കൈതാങ്ങാവാനാണ്.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രിയ അച്ചു എന്ന ഗായിക തോപ്പുംപടി ബി.ഒ.ടി. പാലത്തിന് സമീപമുണ്ട്. രാവിലെ 9.30 മുതൽ വൈകിട്ട് 9.30 വരെയാണ് പരിപാടി. തന്റെ മധുര ശബ്ദത്തിലൂടെ 12 മണിക്കൂർ നീളുന്ന ഗാനമേള അവതരിപ്പിക്കുന്നതിന്റെ ലക്ഷ്യം പ്രളയം ബാധിച്ച നിലമ്പൂരിൽ എല്ലാം തകർന്നു പോയ അമ്മമാക്ക് കൈതാങ്ങാവാനാണ്. അടുത്ത ദിവസം തുക കൈമാറാനാണ് തീരുമാനം.
സ്വന്തം അസുഖങ്ങൾ പോലും മറന്നാണ് പ്രിയയുടെ പരിശ്രമമെല്ലാം. പിറ്റിയൂട്ടറി അഡനോമ എന്ന, തലച്ചോറിനെ ബാധിക്കുന്ന അപൂർവരോഗം പിടിപെട്ട് ആറു വർഷമായി വേദന അനുഭവിക്കുകയാണ് പ്രിയ. എങ്കിലും നിർധന രോഗികൾക്ക് താങ്ങും തണലുമേകാൻ, പിന്നണിഗായികയായ എറണാകുളം ഇടപ്പള്ളി മണ്ണാംപറമ്പിൽ പ്രിയ എവിടെയും ഓടിയെത്തും. വരും ദിവസങ്ങളിൽ കൂടുതൽ തുക ലഭിക്കുമെന്നാണ് പ്രതീക്ഷ. കിട്ടുന്ന തുക എത്ര ആയാലും അർഹരായവരുടെ കൈകളിൽ ഭദ്രമായി എത്തിക്കുമെന്നാണ് പ്രിയയുടെ വാഗ്ദാനം. വിനോദ് കോവൂർ ഗാനമേളയിൽ ഇവർക്കൊപ്പമുണ്ട്.
പ്രളയത്തിൽ തകർന്നു പോയവർക്ക് മാത്രമല്ല പ്രിയയുടെ സഹായം ലഭിച്ചിട്ടുള്ളത്. രോഗം ബാധിച്ച് പ്രതീക്ഷയറ്റവർക്കും പ്രിയയുടെ ഉള്ളിലെ സംഗീതം തണലായിട്ടുണ്ട്.'സേവ് എ ചൈൽഡ് ഫൗണ്ടേഷൻ ഒഫ് ഇന്ത്യ' കേരള ബ്രാൻഡ് അംബാസഡർ കൂടിയായ പ്രിയ ഇതിനകം 40 ലക്ഷത്തോളം രൂപയാണ് രോഗികൾക്കായി തന്റെ പാട്ടിലൂടെ സമാഹരിച്ചു നൽകിയിട്ടുള്ളത്. വാഹനത്തിന്റെ ചെലവ് മാത്രമേ പ്രിയ വാങ്ങാറുള്ളു.
ആദ്യമായി തെരുവിൽ പാടുന്നത്
പ്രിയയുടെ തലച്ചോറിൽ രണ്ട് മുഴകൾ ഉണ്ട്. ചികിത്സയ്ക്ക് എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിയപ്പോഴാണ് ഹരിപ്പാട്ടുള്ള നിർദ്ധനയായ ഒരു കുട്ടിയുടെ ദുരിതം കണ്ടറിഞ്ഞത്. ആ കുട്ടിക്കു വേണ്ടിയാണ് ആദ്യമായി തെരുവിൽ പാടുന്നത്. ഇപ്പോൾ ഒട്ടേറെ സംഘടനകളാണ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി പ്രിയയെ പാടാൻ വിളിക്കുന്നത്. ഒരു രൂപപോലും പ്രതിഫലം വാങ്ങാതെ പ്രിയ പാടാനെത്തും. ഭർത്താവ് സുമേഷാണ് പ്രിയയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു കരുത്തേകുന്നത്.
നിലവിൽ 1ലക്ഷം രൂപ സമാഹരിച്ചു
25000 രൂപ വിതം എട്ടു അമ്മമാർക്ക് നൽകും