കോതമംഗലം: അമിതവേഗതയിൽ കരിങ്കല്ലുമായി പാഞ്ഞ ടിപ്പറിൽ നിന്ന് കല്ല് റോഡിൽ തെറിച്ചുവീണു. വീട്ടമ്മ അത്ഭുതകരമായി രക്ഷപ്പെട്ടു. മാലിപ്പാറയിൽ റോഡിലൂടെ നടന്നുപോയ വീട്ടമ്മയുടെ മുന്നിലേക്കാണ് അമിതലോഡുമായി വന്ന ടിപ്പറിൽ നിന്നും കരിങ്കല്ല് തെറിച്ച് വീണത്. ടിപ്പർ വളവ് വീശുന്നതിനിടയിലാണ് സംഭവം. ടിപ്പറിൽ കയറ്റാവുന്നതിൽ കൂടുതൽ കരിങ്കല്ല് കയറ്റുകയും ലോഡ് പടത ഇട്ട് മൂടി പോകണമെന്ന നിയമം കാറ്റിൽ പറത്തിയാണ് ടിപ്പറുകൾ ചീറിപ്പായുന്നത് .കല്ല് തെറിച്ച് വീണതിനെ തുടർന്ന് നാട്ടുകാർ വാഹനം തടഞ്ഞിടുകയും പൊലീസ് എത്തി ഡ്രൈവർക്കെതിരെ കേസ് എടുക്കുകയും ചെയ്തതിന് ശേഷമാണ് നാട്ടുകാർ പിരിഞ്ഞുപോയത്.