കാലടി: അതിരപ്പിള്ളി കാലടി പ്ലാന്റേഷനിലെ കല്ലാല എസ്റ്റേറ്റിൽ കാട്ടുപന്നികൾ ചത്തത് ആന്ത്രാസ് രോഗം മൂലമാണെന്ന് തിരിച്ചറിഞ്ഞതോടെ അതിരപ്പിള്ളി ഫോറസ്റ്റ് ഓഫിസിൽ ഉന്നതതല യോഗം ചേർന്നു. വനം, മൃൃഗസംരക്ഷണം, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും അയ്യമ്പുഴ, അതിരപ്പിള്ളി ഗ്രാമപഞ്ചായത്തക പ്രതിനിധികളും പങ്കെടുത്തു.
പ്രതിരോധനടപടികൾ, മുൻകരുതലുകൾ എന്നിവയെക്കുറിച്ച് ചർച്ച നടത്തി. 27 നാണ് രണ്ട് കാട്ടുപന്നികൾ റബ്ബർ തോട്ടത്തിൽ ചത്ത് കിടക്കുന്നത് ശ്രദ്ധയിൽ പ്പെട്ടത്.
മണ്ണുത്തി വെറ്ററിനറി കോളജിൽ പോസ്റ്റ്മോർട്ടം നടത്തിയപ്പോഴാണ് മരണകാരണം ആന്ത്രാക്സ് ആണെന്ന് സ്ഥിരീകരിച്ചത്.
തുടർന്ന് പന്നികളെ എടുത്ത ഒമ്പത് ബീറ്റ് ഓഫീസർമാരും നിരീക്ഷണത്തിലായി. പന്നികളെ പിന്നിട് പാണ്ഡു പാറ വനമേഖലയിൽ ദഹിപ്പിക്കുകയായിരുന്നു.
രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച രണ്ട് പന്നികളെ കൂടി മേഖലയിൽ കണ്ടെത്തിയതോടെയാണ് ഉന്നത തല യോഗം വിളിച്ചത്. അതിരപ്പിള്ളി, വാഴച്ചാൽ, അയ്യമ്പുഴ ഫോറസ്റ്റ് ഡിവിഷനിലും, ഗ്രാമ പഞ്ചായത്തുകളിലും ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി. വളർത്ത് മൃഗങ്ങളെ വനമേഖലയിലേക്ക് തീറ്റയ്ക്കായ് വിടരുതെന്നും വ്യക്തമാക്കിയിട്ടുണ്ട്.
പന്നികളിൽ നിന്ന് രോഗം ആനകളിലേക്കാണ് വേഗം പകരാൻ സാധ്യതയത്രെ. ഇത് മുൻകൂട്ടി കണ്ടാണ് വനം വകുപ്പ് സജീവമായി രംഗത്തുള്ളത്.