mla-file
പോത്താനിക്കാട് ഹോമിയോ ആശുപത്രിക്കായി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം എൽദോ എബ്രഹാം എം.എൽ.എ നിർവഹിക്കുന്നു

മൂവാറ്റുപുഴ: ഗവ. ഹോമിയോ ആശുപത്രിക്കായി പോത്താനിക്കാട് ഗ്രാമ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം എൽദോ എബ്രഹാം എം.എൽ.എ നിർവഹിച്ചു. പോത്താനിക്കാട് ഗ്രാമപഞ്ചായത്ത് ഹാളിൽ ചേർന്ന സമ്മേളനത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശാന്തി അബ്രഹാം അദ്ധ്യക്ഷത വഹിച്ചു. ആശുപത്രിക്കായി കക്കടാശ്ശേരി കാളിയാർ റോഡിൽ ഇല്ലിച്ചുവടിൽ സൗജന്യമായി സ്ഥലം വിട്ടുനൽകിയ വെള്ളാംകണ്ടത്തിൽ വി.ടി. ഏലിയാസിനെ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെറീഷ് തോമസ് ആദരിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം വിൻസൻ ഇല്ലിക്കൽ, ഗ്രാമപഞ്ചായത്തംഗങ്ങളായ ലീലാമ്മ ജോസഫ്, ടി.എ കൃഷ്ണൻകുട്ടി, ആൻസി മാനുവൽ, എം.സി. ജേക്കബ്, സജി.കെ.വർഗീസ്, ജിമ്മി തോമസ്, പ്രിയ എൽദോസ് ,അലക്‌സി സ്‌കറിയ, മേരി തോമസ്, ഗീതാ ശശികുമാർ എന്നിവർ പ്രസംഗിച്ചു.

എൽദോ എബ്രഹാം എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നനുവദിച്ച 25 ലക്ഷം രൂപ ഉപയോഗിച്ചാണ് ഇരുനില കെട്ടിടത്തിന്റെ നിർമ്മാണം നടത്തുന്നത്. 2009 ൽ ആരംഭിച്ച പോത്താനിക്കാട് ഹോമിയോ ആശുപത്രി പുളിന്താനത്ത് വാടകക്കെട്ടിടത്തിലാണ് പ്രവർത്തിച്ചുവരുന്നത്.