അങ്കമാലി: കഴിഞ്ഞ വർഷത്തെയും ഈ വർഷത്തേയും പ്രളയത്തിന്റെ സാഹചര്യത്തിൽ അങ്കമാലി ബൈപ്പാസിന്റെ രൂപരേഖ പരിഷ്‌കരിച്ച് പുതുക്കിയ ഭരണാനുമതി നൽകണമെന്ന് അങ്കമാലി എം.എൽ.എ റോജി എം. ജോൺ ആവശ്യപ്പെട്ടു. നിലവിൽ 190 കോടി രൂപ യാണ് കിഫ്ബി അനുവദിച്ചിരിക്കുന്നത്. തുക അനുവദിച്ച് ഏതാനും മാസങ്ങൾക്കുള്ളിൽ പ്രളയം ഉണ്ടാവുകയും മാഞ്ഞാലിത്തോടുമായി ബന്ധപ്പെട്ട പദ്ധതി പ്രദേശം പൂർണമായും വെള്ളത്തിൽ മുങ്ങുകയും ചെയ്തു. മണ്ണിട്ടുനികത്തി ഇവിടെ ബൈപ്പാസ് പണിയുന്നത് കൂടുതൽ വെള്ളപ്പൊക്കത്തിന് കാരണമാവുമെന്നാണ് ആശങ്ക.
വെള്ളം പൊങ്ങുന്ന സ്ഥലങ്ങളിൽ എലവേറ്റഡ് ഹൈവേ ആക്കണമെന്ന് എം.എൽ.എ കിഫ്ബിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിനായി 284 കോടിയുടെ പുതുക്കിയപദ്ധതിരേഖ കിഫ്ബിക്ക് സമർപ്പിച്ചു. പുതുക്കിയ രേഖയിൽ 94 കോടി രൂപ അധികമായി വന്നതിന് കിഫ്ബിയുടെ അംഗീകാരം ലഭിച്ചിരുന്നില്ല..
വർദ്ധിപ്പിച്ച തുക അനുവദിക്കണമെന്നും ആവശ്യപ്പെട്ട് എം.എൽ.എ ധനകാര്യമന്ത്രി ഡോ. തോമസ് ഐസക്കുമായും, കിഫ്ബി അധികൃതരുമായും തിരുവനന്തപുരത്ത് ചർച്ച നടത്തി. ഇത് പരിഗണിക്കാമെന്ന് മന്ത്രി അറിയിച്ചതായി എം.എൽ. എ പറഞ്ഞു. തുടർ നടപടികൾക്കായി കിഫ്ബി, ആർ.ബി.ഡി.സി.കെ, കിറ്റ്‌കോ പ്രതിനിധികൾ വരും ദിവസങ്ങളിൽ പദ്ധതിപ്രദേശം സന്ദർശിക്കും.