മൂവാറ്റുപുഴ: ടിപ്പർ ലോറികൾ അപകടങ്ങൾ വിതച്ച് മരണപ്പാച്ചിൽ നടത്തുന്നു. മൂവാറ്റുപുഴ തേനി ഹൈവേയിൽ രണ്ടാർ കോട്ട റോഡിലൂടെ പായുന്ന ടിപ്പർ ലോറികളാണ് അപകടങ്ങൾ വരുത്തിവയ്ക്കുന്നത്. ചെറുതും വലുതുമായ നിരവധി അപകടങ്ങൾ ദിവസവും ഉണ്ടായിട്ടും നടപടി സ്വീകരിക്കാത്ത അധികൃതർക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞദിവസം കോട്ടപ്പുറം ജംഗ്ഷനു സമീപം കോട്ട റോഡിൽ ടിപ്പർ ലോറികൾ തമ്മിൽ കൂട്ടിയിടിച്ചു. മുന്നിൽ പോവുകയായിരുന്ന ലോറി പെട്ടെന്ന് ബ്രേക്ക് ചെയ്തതോടെ പിന്നിൽ നിന്നുവന്ന മറ്റൊരു ലോറി ഇടിക്കുകയായിരുന്നു. രാവിലെയും വൈകുന്നേരവും സ്കൂൾ സമയങ്ങളിൽ ടിപ്പർ ലോറികളടക്കമുള്ള ഭാരവണ്ടികൾ സർവീസ് നടത്തരുതെന്ന നിയമം കാറ്റിൽ പറത്തിയാണ് ഇവിടെ ടിപ്പറുകൾ ചീറി പായുന്നത്. ഏതാനും നാൾ മുമ്പ് അമിത വേഗത്തിലെത്തിയ ടോറസ് ലോറി വൈദ്യുത പോസ്റ്റ് ഇടിച്ച് തകർത്തിരുന്നു. പാറമടയിൽ കല്ല് കയറ്റാൻ പോകുന്നതിനിടെ മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുമ്പോഴായിരുന്നു പോസ്റ്റ് ഇടിച്ചു തെറിപ്പിച്ചത്. ടോറസ് ഇടിച്ചതിനെ തുടർന്ന് പോസ്റ്റ് തകർന്നൊടിഞ്ഞു. വിദ്യാർഥികളടക്കം നിരവധി പേർ നടന്ന് പോകുന്നതിനിടെയായിരുന്നു അപകടം. തലനാരിഴയ്ക്കാണ് ദുരന്തം ഒഴിവായത്. ഇതേ തുടർന്ന് സ്കൂൾ സമയങ്ങളിലും അമിത വേഗത്തിലും വരുന്ന ടിപ്പർ ലോറികൾ തടയുമെന്ന് രണ്ടാർ റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതോടെ കുറച്ചു ദിവസത്തേക്ക് ലോറികൾ വേഗത കുറച്ചെങ്കിലും വീണ്ടും പഴയ രീതിയിൽ ആയിരിക്കുകയാണ്. കരിങ്കൽ കയറ്റിപ്പോകുന്നു ലോറികളിൽ നിന്നും കല്ലു തെറിച്ച് റോഡിലേക്കു വീണ സംഭവങ്ങൾ വരെ ഉണ്ടായിട്ടുണ്ട്. യാതൊരു സുരക്ഷിതത്വവുമില്ലാതെ പായുന്ന ലോറികൾക്കെതിരെ അധികൃതർ ഉടൻ നടപടി സ്വീകരിക്കണമെന്നാണ് ജനകീയ ആവശ്യം.
നടപടിയെടുക്കാതെ അധികൃതർ
സ്വകാര്യ ബസുകളും സ്കൂൾ ബസുകളുമടക്കം നൂറുകണക്കിനു വാഹനങ്ങൾ ദിവസവും കടന്നു പോകുന്ന റോഡിലൂടെ ലോറികളുടെ അമിതവേഗതകതയ്ക്കെതിരെ നാളുകളായി പരാതികൾ ഉയരുന്നു. പലവട്ടം നാട്ടുകാർ മോട്ടോർ വാഹന വകുപ്പിനോടും പൊലീസിനോടും പരാതിപ്പെട്ടെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും ആക്ഷേപമുണ്ട്.
തടസ്സമായി പോസ്റ്റുകളും
റോഡ് നവീകരിച്ചതോടെ ഒട്ടുമിക്ക വൈദ്യുതി പോസ്റ്റുകളും അപകടകരമായാണ് നിലകൊള്ളുന്നത്. റോഡിലേക്കു ചാഞ്ഞു നിൽക്കുന്ന രീതിയിൽ നിരവധി പോസ്റ്റുകൾ ഇനിയും പ്രദേശത്തുണ്ട്.