കൊച്ചി: പി.എസ്.സി പരീക്ഷകളിൽ പൊതുജനങ്ങളുടെ വിശ്വാസ്യത തിരികെപ്പിടിക്കുന്നതിന്, സമീപകാലത്ത് നടത്തിയ നിയമനങ്ങളെക്കുറിച്ചെങ്കിലും കാര്യക്ഷമവും വിപുലവുമായ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം ഇക്കാര്യത്തിൽ അനിവാര്യമാണെന്നും ഹൈക്കോടതി വ്യക്തമാക്കി.
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ വധശ്രമക്കേസിലെ പ്രതികൾക്ക് പി.എസ്.സി നടത്തിയ പൊലീസ് കോൺസ്റ്റബിൾ പരീക്ഷ എഴുതാൻ ഉത്തരങ്ങൾ മൊബൈൽ ഫോൺ സന്ദേശമായി അയച്ചുനൽകിയ കേസിലെ നാലാം പ്രതി ഡി. സഫീറിന്റെ മുൻകൂർജാമ്യ ഹർജി തള്ളിയാണ് സിംഗിൾ ബെഞ്ച് ഉത്തരവ്. യൂണിവേഴ്‌സിറ്റി കോളേജിൽ അഖിലിനെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതികളായ ശിവരഞ്ജിത്ത്, നസീം എന്നിവർക്ക് പരീക്ഷയെഴുതാൻ ഹർജിക്കാരനായ സഫീർ സഹായം നൽകിയെന്നാണ് കേസ്. പരീക്ഷ നടന്ന ജൂലായ് 22 ന് ഉച്ചയ്ക്ക് രണ്ടിനും മൂന്നിനുമിടയിൽ ഇരുവർക്കും 94 മൊബൈൽ ഫോൺ സന്ദേശങ്ങൾ ലഭിച്ചതായി കണ്ടെത്തിയെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
പി.എസ്.സി പരീക്ഷ തീരും വരെ ചോദ്യപേപ്പറും ഉത്തരങ്ങളും പുറത്ത് മറ്റാർക്കും സാധാരണരീതിയിൽ ലഭിക്കാറില്ലെന്ന് കോടതി നിരീക്ഷിച്ചു. ഹർജിക്കാരൻ രണ്ട് പ്രതികൾക്കും മൊബൈൽ ഫോൺ വഴി ഉത്തരങ്ങൾ കൈമാറിയതായി കണ്ടെത്തിയിട്ടുണ്ട്. ചോദ്യപേപ്പറുമായി ബന്ധമുള്ള മറ്റു വ്യക്തികളുടെ സഹായമില്ലാതെ ഹർജിക്കാരന് ഇത് സാധിക്കില്ലെന്ന് വ്യക്തം. ഇവർ ആരാണെന്ന് ഹർജിക്കാരനും കൂട്ടുപ്രതിക്കുമേ അറിയൂ. പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യൽ അനിവാര്യമാണ്.
കുറ്റകൃത്യത്തിന്റെ സ്വഭാവം പരിഗണിക്കുമ്പാൾ ജാമ്യം അനുവദിക്കുന്നത് നീതീകരിക്കാനാവില്ല. അത് അന്വേഷണത്തെ ദോഷകരമായി ബാധിക്കും. അറസ്റ്റ് ചെയ്തില്ലെങ്കിൽ പത്ത് ദിവസത്തിനകം പ്രതി അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ കീഴടങ്ങാനും കോടതി നിർദ്ദേശിച്ചു.
പി.എസ്.സി പരീക്ഷാ പേപ്പറിലെ ചില ചോദ്യങ്ങൾ അന്വേഷണത്തിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് പ്രതികളോട് വീണ്ടും ചോദിച്ചപ്പോൾ ഉത്തരം പറയാതിരുന്നതും കേസ് പരിഗണിച്ചപ്പോൾ കോടതി വാക്കാൽ പരാമർശിച്ചു. തുടർന്നാണ് നിഷ്പക്ഷവും സ്വതന്ത്രവുമായ അന്വേഷണം ആവശ്യമാണെന്ന് വാക്കാൽ ഉത്തരവിട്ടത്. അർഹർക്ക് മാത്രമേ പി.എസ്.സി നിയമനങ്ങൾ നൽകാവൂ എന്നും വിപുലവും കാര്യക്ഷമവുമായ അന്വേഷണം നടത്തണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.