പള്ളുരുത്തി: നൂറിന്റെ നിറവിൽ പള്ളുരുത്തി മണ്ഡലം സർവീസ് സഹകരണ ബാങ്ക്.ഒരു വർഷം നീണ്ട് നിൽക്കുന്ന പരിപാടികൾക്ക് ഡിസംബറോടെ സമാപനം കുറിക്കും.ജനു. 17 ന് നടന്ന ഉദ്ഘാടന സമ്മേളനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു.വിധവകളുടെ പെൺമക്കൾക്ക് വിവാഹ ധനസഹായം നൽകി. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവർക്ക് ധനസഹായം, ആധുനിക മെഡിക്കൽ ലാബ്, അംഗങ്ങൾക്ക് അപകട ഇൻഷ്വറൻസ്, ബാങ്ക് അതിർത്തിയിലുള്ള പാവപ്പെട്ട 13 കുടുംബങ്ങൾക്ക് വീട് നിർമ്മിച്ച് നൽകൽ തുടങ്ങി പദ്ധതിക്ക് രൂപം നൽകി.ഇതിൽ ആദ്യ വീട് കോണം പട്ടാളത്ത് പറമ്പിൽ താമസിക്കുന്ന പി.ടി.രാജഷിന് പുതിയ വീടിന്റെ താക്കോൽ കൈമാറി. ബാക്കി 12 വീടുകളും നിർമ്മിച്ച് നൽകുമെന്ന് ബാങ്ക് പ്രസിഡന്റ് ടി.കെ.വത്സൻ അറിയിച്ചു.ഓണക്കാലത്ത് പള്ളുരുത്തി വെളിയിൽ മെഗാ എക്സ്പോ സംഘടിപ്പിക്കും.മന്ത്രി വി.എസ്.സുനിൽകുമാർ ഉദ്ഘാടനം ചെയ്യും. ഇരുപതിനായിരം സ്ക്വയർ ഫീറ്റിലാണ് പരിപാടി ഒരുക്കിയിരിക്കുന്നത്. കാർഷിക ഉത്പ്പന്നങ്ങളുടെ പ്രദർശനം, നിരവധി സ്റ്റാളുകൾ, ഭക്ഷ്യമേള, പായസ മേള,കലാമത്സരങ്ങൾ, കലാപരിപാടികൾ എന്നിവ ഒരുക്കിയിട്ടുണ്ട്.ഇതിൽ സോപാന സംഗീതം, നാടൻ പാട്ടുകൾ, ഗാനമേള എന്നിവ ഉണ്ടായിരിക്കും. സെപ്.12 ന് ജില്ലാ ഭരണകൂടവും ഡി.ടി.പി.സിയും ചേർന്ന് സംഘടിപ്പിക്കുന്ന വേദിയിൽ വടക്ക് കിഴക്കൻ സംസ്ഥാനത്തെ നൂറോളം കലാകാരൻമാർ പങ്കെടുക്കുന്ന പരിപാടിയും തിരുവോണത്തിന് ഗസൽ സന്ധ്യയും നടക്കും. ശനിയാഴ്ച ഓൾ കേരള ക്രോസ് കൺട്രി മത്സരം നടക്കും.രാവിലെ 6 ന് ഫോർട്ടുകൊച്ചിയിൽ തുടങ്ങി പള്ളുരുത്തി കച്ചേരിപ്പടിയിൽ സമാപിക്കും. പതിനയ്യായിരം രൂപയാണ് ഒന്നാം സമ്മാനം.കൂടാതെ നിരവധി കാരുണ്യ പ്രവർത്തനത്തിന് മുൻതൂക്കം നൽകിയാണ് നൂറാം വാർഷിക സമാപനത്തിന് ഒരുങ്ങുന്നതെന്ന് ചെയർമാൻ ജോൺ ഫെർണാണ്ടസ് ജനറൽ കൺവീനർ ടി.കെ.വത്സൻ എന്നിവർ അറിയിച്ചു.