t-o-sooraj-arrest

കൊച്ചി: പാലാരിവട്ടം മേൽപ്പാലം അഴിമതി കേസിൽ സർക്കാർ വിട്ടുവീഴ്ചയ്‌ക്കില്ലെന്നു വ്യക്തമാക്കി, പൊതുമരാമത്ത് വകുപ്പ് മുൻ സെക്രട്ടി ടി.ഒ. സൂരജ് ഉൾപ്പെടെ നാലു പേരെ വിജിലൻസ് പ്രത്യേകാന്വേഷണ സംഘം അറസ്റ്റ് ചെയ്തു. നിർമ്മാണ കമ്പനിയായ ആർ.ഡി.എസ് പ്രൊജക്‌ട് മാനേജിംഗ് ഡയറക്‌ടർ സുമിത് ഗോയൽ,​ കിറ്റ്കോ മുൻ എം.ഡി ബെന്നി പോൾ, റോഡ്സ് ആൻഡ് ബ്രിഡ്‌ജസ് കോർപ്പറേഷൻ അസി. ജനറൽ മാനേജർ പി.ഡി. തങ്കച്ചൻ എന്നിവരാണ് അറസ്‌റ്റിലായ മറ്റു‌ള്ളവർ.

അഴിമതി,​ വഞ്ചന,​ ഗൂഢാലോചന,​ സാമ്പത്തിക ക്രമക്കേട് എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് മൂവാറ്റുപുഴ സബ്‌ജയിലിൽ അടച്ചു. വിജിലൻസിന്റെ കസ്റ്റഡി അപേക്ഷ ഇന്നും പ്രതികളുടെ ജാമ്യാപേക്ഷ തിങ്കളാഴ്ചയും പരിഗണിക്കും.

സൂരജ് ഉൾപ്പെടെ നാലു പേരെയും ഇന്നലെ ഉച്ചയോടെ ചോദ്യം ചെയ്യാനായി എറണാകുളം വിജിലൻസ് ആസ്ഥാനത്തേക്ക് വിളിച്ചു വരുത്തി അറസ്‌റ്റ് ചെയ്യുകയായിരുന്നു. എഫ്.ഐ.ആർ രജിസ്‌റ്റർ ചെയ‌്തപ്പോൾ പ്രതിപ്പട്ടികയിലോ,​ കേസുമായി ബന്ധപ്പെട്ട് സംശയിക്കപ്പെടുന്ന ഉദ്യോഗസ്ഥരുടെ പട്ടികയിലോ സൂരജിന്റെ പേരുണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം സൂരജിൽ നിന്ന് മൂന്നു മണിക്കൂർ മൊഴിയെടുത്ത വിജിലൻസ് സംഘം അറസ്റ്റിനെക്കുറിച്ച് സൂചന നൽകാതെ ഇന്നലെ ഓഫീസിലേക്ക് നാടകീയമായി വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. 2018 മേയ് 31 നാണ് സൂരജ് സർവീസിൽ നിന്ന് വിരമിച്ചത്.

പാലം നിർമ്മാണവുമായി ബന്ധപ്പെട്ട ഉത്തരവുകളിറക്കിയത് അന്ന് പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന സൂരജാണ്. മുഴുവൻ നടപടികളും സൂരജ് അറിഞ്ഞുതന്നെയാണ് നടന്നത് എന്നാണ് വിജിലൻസ് കണ്ടെത്തൽ. പൈലിംഗ് തുടങ്ങിയ ശേഷമാണ് സെക്രട്ടറി പദവിയിൽ നിന്ന് സൂരജ് മാറിയത്. കഴിഞ്ഞ വർഷം ആദ്യം വിജിലൻസ് രജിസ്റ്റർ ചെയ്ത കള്ളപ്പണ കേസിൽ ടി.ഒ. സൂരജ് 11 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചതായി കണ്ടെത്തുകയും,​ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം സൂരജിന്റെ 8.80 കോടി രൂപയുടെ സ്വത്തുവകകൾ കണ്ടുകെട്ടുകയും ചെയ്തിരുന്നു. ഇപ്പോൾ അറസ്റ്റിലാവയവർക്കു പുറമേ ഉദ്യോഗസ്ഥർ ഉൾപ്പെടെ 16 പേർ കേസിൽ സംശയത്തിന്റെ നിഴലിലാണ്.

പാലം നി‌ർമ്മാണ ഘട്ടത്തിൽ വകുപ്പു മന്ത്രിയായിരുന്ന വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എൽ.എയിൽ നിന്നും വിജിലൻസ് മൊഴിയെടുത്തിട്ടുണ്ട്. വിജിലൻസ് എറണാകുളം യൂണിറ്റ് ഡിവൈ.എസ്.പി ആർ.അശോക് കുമാറാണ് അന്വേഷണ ഉദ്യോഗസ്ഥൻ.

ഉദ്ഘാടനം കഴിഞ്ഞ് പത്തു മാസമാകും മുമ്പേ കുണ്ടും കുഴിയും നിറഞ്ഞ് ഗതാഗതം അസാധ്യമായ പാലാരിവട്ടം മേൽപ്പാലം,​ കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് നിർമ്മിച്ചതാണ്. 442 മീറ്റർ നീളമുള്ള പാലം രണ്ടുവർഷംകൊണ്ട് പൂർത്തിയാക്കി,​ 2016 ഒക്ടോബർ 12-ന് തുറന്നു.

42 കോടി രൂപ ചെലവിൽ പണിത മേൽപ്പാലത്തിൽ 2017 ജൂലായ് ആയപ്പോഴേക്കും കുഴികൾ രൂപപ്പെട്ടിരുന്നു. ബലക്ഷയം വെളിപ്പെട്ടതിനെ തുടർന്ന് പഠനത്തിനെത്തിയ മദ്രാസ് ഐ.ഐ.ടി വിദഗ്ദ്ധസംഘം നിർമ്മാണത്തിൽ ഗുരുതരമായ വീഴ്ചകൾ കണ്ടെത്തുകുയം പാലം പുതുക്കിപ്പണിയാൻ ശുപാർശ ചെയ്യുകയും ചെയ്തു.

 ഐ.ഐ.ടി കണ്ടെത്തലുകൾ


 ഗർഡറുകളിലും തൂണുകളിലും 0.2 മുതൽ 0.4 മില്ലീമീറ്റർ വീതിയിൽ വിള്ളൽ
 കോൺക്രീറ്റ് മിശ്രിതത്തിന് നിലവാരമില്ല
 ഗർഡറുകളിലും തൂണുകളിലും പൊട്ടൽ
 പിയർ ക്യാപ്പിൽ നിന്ന് ഗർഡർ ഇളകിമാറിയതിനാൽ ബലക്ഷയം

 സൂരജിന്റെ നിലപാട്
നിർമ്മാണ വീഴ്‌ചകൾ ബോധപൂർവമായിരിക്കില്ല. പാലം തുറന്ന് മൂന്നു വർഷത്തിനിടയിലുണ്ടാകുന്ന പ്രശ്‌നങ്ങൾക്ക് കരാറുകാരനാണ് ഉത്തരവാദി. കരാറുകാരൻ അറിഞ്ഞുകൊണ്ട് ഉദ്യോഗസ്ഥരുമായി ചേർന്ന് അഴിമതി നടത്താൻ സാദ്ധ്യതയില്ല. പാലത്തിന്റെ പുനർനിർമ്മാണം കരാറുകാരന്റെ ഉത്തരവാദിത്വമായതിനാൽ സർക്കാരിന് നഷ്‌ടമുണ്ടാകില്ല.