കൊച്ചി : യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാർത്ഥി അഖിലിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിലെ കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി പൊലീസിനോട് നിർദ്ദേശിച്ചു. മൂന്നാം പ്രതി എ.ആർ. അമറിന്റെ ജാമ്യാപേക്ഷ പരിഗണിച്ച സംഗിൾ ബെഞ്ചിന്റേതാണ് ഉത്തരവ്. കേസ് 29 ന് പരിഗണിക്കും. അഖിലിനെ ആക്രമിച്ചതിൽ അമറിന് പ്രധാന പങ്കുണ്ടെന്ന് പൊലീസ് അറിയിച്ചു. അക്രമങ്ങൾ ആരംഭിച്ചത് അമറാണ്. ആക്രമിക്കുന്നതിന് മുമ്പ് അസഭ്യം വിളിച്ചി​രുന്നു. തനിക്ക് പങ്കില്ലെന്നും കള്ളക്കേസിൽ പൊലീസ് കുടുക്കിയെന്നും അമർ വാദിച്ചു. പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കേസ് രേഖകൾ പഠിച്ച കോടതി നിരീക്ഷിച്ചു. ഭരിക്കുന്ന പാർട്ടിയുടെ വിദ്യാർത്ഥിസംഘടനയിലെ അംഗമായ പ്രതി നിരപരാധിയാണെങ്കിൽ പൊലീസ് പ്രതിപ്പട്ടികയിൽ പെടുത്തുമെന്ന് കരുതുന്നില്ലെന്ന് കോടതി പറഞ്ഞു.