ആലുവ: നാലാംമൈലിൽ പെരിയാർവാലി കനാലിൽ വൃദ്ധന്റെ പഴകിയ മൃതദേഹം കണ്ടെത്തി. എടത്തല നാലാംമൈൽ - പേങ്ങാട്ടുശേരി റോഡിൽ മഴുവഞ്ചേരി വീട്ടിൽ വർഗീസിന്റെ (62)മൃതദേഹമാണ് ഇന്നലെ വൈകിട്ട് നാലരയോടെ കണ്ടെത്തിയത്. വഴിയാത്രക്കാരനായ ഇതരസംസ്ഥാനക്കാരനാണ് കമഴ്ന്ന് കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടത്. മൃതദേഹത്തിന് രണ്ട് ദിവസത്തിലേറെ പഴക്കമുണ്ട്. കനാലിൽ അര അടിയോളം മഴവെള്ളം കെട്ടികിടക്കുന്നുണ്ടായിരുന്നു. ചെടികളും മറ്റും പടർന്ന് പിടിച്ചിരിക്കുന്നതിനാൽ പെട്ടെന്ന് മൃതദേഹം കാണാൻ കഴിയുമായിരുന്നില്ല. ആലുവയിൽ നിന്നും ഫയർഫോഴ്സും എടത്തല പൊലീസുമെത്തിയാണ് മൃതദേഹം കരയ്ക്ക് കയറ്റിയത്. പത്ത് മീറ്ററോളം താഴ്ച്ചയുള്ള കനാലാണിത്. ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിഞ്ഞു.
മരം വെട്ട് തൊഴിലാളിയായിരുന്ന വർഗീസ് മദ്യം കഴിക്കുമായിരുന്നു. മദ്യലഹരിയിൽ കനാലിലേക്ക് വീണതായിരിക്കാമെന്നാണ് കരുതുന്നത്. ഇന്ന് രാവിലെ ആലുവ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മാർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.ഭാര്യ: ആനി. മക്കൾ: ലിന്റോ, ലിപ്സി. മരുമകൻ: ജാക്സൻ.