gurudevan
ഗുരുദേവൻ

# രണ്ടാംതീയതിമുതൽ ആറുവരെ ഏഴ് മേഖകളിൽ പര്യടനം.

പറവൂർ : എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയന്റെ ആഭിമുഖ്യത്തിൽ ശ്രീനാരായണഗുരുദേവന്റെ 165-ാമത് ജയന്തി ആഘോഷങ്ങളുടെ ഭാഗമായുള്ള ശ്രീനാരായണ ദിവ്യജ്യോതി പര്യടനത്തിന്റെ ഉദ്ഘാടനം നാളെ (ഞായർ) നടക്കും. ഗുരുദേവൻ ജ്വലിപ്പിച്ച ആലുവ അദ്വൈതാശ്രമത്തിലെ കെടാവിളക്കിൽ നിന്ന് ഉച്ചയ്ക്ക് രണ്ടിന് ആശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ ദിവ്യജ്യോതി തെളിച്ച് യൂണിയൻ പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണന് നൽകും. യൂണിയൻ പ്രസിഡന്റ് ദിവ്യജ്യോതി പിന്നീട് യൂത്ത് മൂവ്മെന്റ് ചെയർമാൻ അഡ്വ. പ്രവീൺ തങ്കപ്പന് കൈമാറും. ശ്രീനാരായണ ദിവ്യജ്യോതി നിരവധി യൂത്ത്മൂവ്മെന്റ് അത് ലറ്റുകൾ നൂറുകണക്കിന് ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ വിവിധ ശാഖാകൾ നൽകുന്ന സ്വീകരണങ്ങൾ ഏറ്റുവാങ്ങി പഴയ യൂണിയൻ പരിസരത്ത് എത്തിച്ചേരും. യൂണിയൻ സെക്രട്ടറി ഹരി വിജയന്റെ നേതൃത്വത്തിൽ യൂണിയൻ ഭാരവാഹികളും വനിതാസംഘം, യൂത്ത് മൂവ്മെന്റ്, ബാലജനയോഗം ഭാരവാഹികളും ശാഖായോഗം പ്രവർത്തകരും ശ്രീനാരായണ ഭക്തരും ചേർന്ന് സ്വീകരിക്കും. വിവിധ വാദ്യമേളങ്ങളുടെ അകമ്പടിയിൽ പുതിയ യൂണിയൻ ഓഡിറ്റോറിയത്തിലേയ്ക്ക് ആനയിക്കും.

5.30ന് ജ്യോതിപര്യടന ഉദ്ഘാടന സമ്മേളനം. എസ്.എൻ.ഡി.പി യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസി‌ഡന്റ് സി.എൻ. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. മേഖലാതല മത്സരങ്ങളുടെ സമ്മാന വിതരണവും വിദ്യാഭ്യാസ സ്കോളർഷിപ്പ് വിതരണവും കേന്ദ്ര വനിതാസംഘം വൈസ് പ്രസിഡന്റും യോഗം കൗൺസിലറുമായ ഇ.എസ്. ഷീബ ടീച്ചർ നിർവഹിക്കും.

യൂണിയൻ സെക്രട്ടറി ഹരി വിജയൻ, വൈസ് പ്രസിഡന്റ് ഷൈജു മനയ്ക്കപ്പടി, യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ ഡി. ബാബു, യോഗം ‌ഡയറക്ട‌‌ർമാരായ പി.എസ്. ജയരാജ്, എം.പി. ബിനു, യൂണിയൻ കൗൺസിലർമാരായ ടി.എം. ദിലീപ്, പി.ടി. ശിവസുതൻ, ടി.പി. കൃഷ്ണകുമാർ, വി.പി. ഷാജി, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ ടി.പി. രാജേഷ്, രാഗം സുമേഷ്, വനിതാ സംഘം യൂണിയൻ സമിതി കൺവീനർ ബിന്ദു ബോസ് തുടങ്ങിയവർ സംസാരിക്കും. സെപ്റ്റംബർ രണ്ടുമുതൽ ആറുവരെ യൂണിയന്റെ കീഴിലുള്ള 72 ശാഖായോഗങ്ങളിലും പര്യടനം നടത്തും. ഓരോ ദിവസവും നൂറുകണക്കിന് കേന്ദ്രങ്ങളിൽ ശ്രീനാരായണ ദിവ്യജ്യോതിക്ക് സ്വീകരണം നൽകും.