കൊച്ചി: രാജ്യത്തിന്റെ സ്വതന്ത്ര സ്വഭാവം ഇല്ലാതാക്കുന്ന ആർ.എസ്.എസ്, ബി.ജെ.പി കൂട്ടുകെട്ടിന്റെ ശ്രമങ്ങളെ ഇല്ലായ്മ ചെയ്യാൻ ഇടതുപക്ഷ കക്ഷികളുടെ ഐക്യനിര രൂപപ്പെടണമെന്ന് സി.പി.ഐ ജനറൽ സെക്രട്ടറി ഡി.രാജ പറഞ്ഞു. എറണാകുളം പ്രസ് ക്ലബിന്റെ മീറ്റ് ദി പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി.പി.ഐ (എം.എൽ) അടക്കമുള്ള പാർട്ടികളുടെ ഐക്യനിരയാണ് ഉണ്ടാകേണ്ടത്. മുൻകാലങ്ങളിൽ ഇത്തരം നീക്കങ്ങൾ നടന്നിരുന്നില്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ കൂട്ടായ ചെറുത്തുനിൽപ്പ് ആവശ്യമാണ്. പാർലമെന്റിന്റെ ബഡ്ജറ്റ് സെഷൻ നീട്ടിയ ശേഷം രാജ്യത്തിന്റെ താത്പ്പര്യങ്ങൾക്ക് വിരുദ്ധമായ ബില്ലുകൾ പാസാക്കിയെടുക്കുകയാണ് സർക്കാർ ചെയ്‌തത്. പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കുന്ന നിലപാടിന് വേഗം കൂട്ടുന്ന സർക്കാർ ജി.എസ്. ടി അടക്കമുള്ള പരിഷ്‌ക്കാരങ്ങൾ ഇടത്തരക്കാരെ എങ്ങനെ ബാധിച്ചുവെന്നതിന് കൃത്യമായ മറുപടി നൽകുന്നില്ല. നോട്ട് നിരോധനം സംബന്ധിച്ച് സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പോലും ഒരുവരി പറയാൻ പ്രധാനമന്ത്രി തയ്യാറായില്ല.
ഖനനം അടക്കമുള്ള മേഖലകളിൽ മുഴുവൻ വിദേശ നിക്ഷേപം അനുവദിക്കാനുള്ള നീക്കം സമ്പദ്‌വ്യവസ്ഥയെ അടിയറവയ്‌ക്കുന്ന തരത്തിലേക്കാണ് നീങ്ങുന്നത്. സംവരണമടക്കമുള്ള ആനുകൂല്യങ്ങൾ ഇല്ലാതാക്കുകയെന്ന ആർ.എസ്.എസ് അജണ്ട നടപ്പിലാക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. സംവരണമെന്നത് ദാരിദ്ര്യം ഇല്ലാതാക്കാനുള്ള ഒരു ഉപാധിയല്ല. സാമൂഹ്യനീതി നിഷേധിക്കപ്പെട്ട സമൂഹങ്ങൾക്കുള്ള അവകാശമാണെന്നും ഡി രാജ പറഞ്ഞു.