കൊച്ചി: രാജീവ് ആവാസ് യോജന (റേ) പദ്ധതി പ്രകാരം 198 നിർദ്ധന കുടുംബങ്ങൾക്കായുള്ള ഫ്ളാറ്റ് നിർമ്മാണത്തിൽ അഴിമതി ചൂണ്ടിക്കാട്ടി എൽ.ഡി.എഫ് കൗൺസിലർമാർ വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകി. കോർപ്പറേഷന് വലിയ സാമ്പത്തിക നഷ്ടമാണ് ഇതുവഴി സംഭവിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് കെ.ജെ.ആന്റണി, സി.പി.എം പാർലമെന്ററി പാർട്ടി സെക്രട്ടറി വി.പി. ചന്ദ്രൻ എന്നിവർ പറഞ്ഞു.
ഇതിനിടെ മേയർ പ്രത്യേക താത്പര്യമെടുത്ത് കരാറുകാരൻ കെട്ടിവച്ച സെക്യൂരിറ്റി ഡെപ്പോസിറ്റായ 91 ലക്ഷം രൂപ മുൻകൂർ അനുവാദം നൽകി വിട്ടുകൊടുത്തു. ഒരു കരാർ പ്രവർത്തി പൂർത്തീകരിച്ച് കംപ്ലീഷൻ സർട്ടിഫിക്കറ്റ് നൽകി നിർമ്മാണത്തിന് യാതൊരുവിധ കുഴപ്പങ്ങളും ഇല്ലായെന്ന് ഉറപ്പു വരുത്തി മാത്രമാണ് സെക്യൂരിറ്റി ഡെപ്പോസിറ്റ് തുക മടക്കി നൽകാൻ പാടുള്ളൂവെന്നിരിക്കേ ധൃതിപിടിച്ച് പണം നൽകിയത് കരാറുകാരനെ സഹായിക്കാനാണെന്ന് പരാതിയിൽ പറയുന്നു. റേ അഴിമതി ഉൾപ്പെടെയുള്ള ആരോപണങ്ങൾ ഉന്നയിച്ച് മേയർക്കെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയതിന് പിന്നാലെയാണ് പ്രതിപക്ഷം വിജിലൻസിലും പരാതി നൽകിയിരിക്കുന്നത്.
പരാതിയിലെ പ്രധാന ആരോപണം
കരാറിൽ പറഞ്ഞതിനെക്കാൾ കൂടുതൽ വർക്ക് ചെയ്തുവെന്നും ഏകദേശം ഒന്നരകോടിയോളം രൂപ അധികം ചെലവഴിച്ചിട്ടുണ്ടെന്നും അവകാശപ്പെട്ട് കഴിഞ്ഞ ജൂൺ 10ന് നിർമ്മാണ കമ്പനി മേയർക്ക് കത്ത് നൽകി. റിവൈസ്ഡ് എസ്റ്റിമേറ്റ് അംഗീകരിച്ചുതരണമെന്നും അല്ലാത്തപക്ഷം കരാറിൽ നിന്ന് ഒഴിവാക്കിത്തരണമെന്നും ആവശ്യപ്പെട്ടു. കരാർ സമയപരിധി കഴിഞ്ഞതിനുശേഷം ഇത്തരം കാര്യങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള കത്ത് നൽകിയത് കരാറിൽ നിന്ന് പിൻവാങ്ങാനുള്ള നീക്കമാണെന്ന് എൽ.ഡി.എഫ് പരാതിയിൽ ആരോപിക്കുന്നു.
ഫ്ളാറ്റ് നിർമ്മാണം പാതിവഴിയിൽ
തുരുത്തി കോളനിയിലാണ് ജി പ്ളസ് 11 ഫ്ളാറ്റിന്റെ നിർമ്മാണ പ്രവർത്തനം നടന്നുവരുന്നത്. 18.24 കോടി രൂപയ്ക്ക് സിറ്റ്‌കോ അസോസിയറ്റ് എന്ന സ്ഥാപനമാണ് നിർമ്മാണചുമതല ഏറ്റെടുത്തിട്ടുള്ളത്. 2017 ഫെബ്രുവരി 13ന് ഏറ്റെടുത്ത പണി 2019 ഫെബ്രുവരി 19ന് അവസാനിക്കുമെന്നായിരുന്നു കരാർ. എന്നാൽ ഇതുവരെ താഴത്തെ നിലയുടെ പ്രവർത്തി പൂർത്തീകരിക്കാനും ഒന്നാം നിലയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുവാനും മാത്രമേ കഴിഞ്ഞിട്ടുള്ളൂ. ഇതിനോടകം കരാറുകാരന് 8.77 കോടി രൂപ നൽകുകയും ചെയ്തു.
198 കുടുംബങ്ങളുടെ ഫ്ളാറ്റ് നിർമ്മാണത്തിൽ അഴിമതി