ഫോർട്ട് കൊച്ചി: ഇനി ഹനുവിളക്ക് കൊളുത്താനും തോറ വായിക്കാനും ജൂത മുത്തശി സാറ കോഹൻ ഇല്ല. കഴിഞ്ഞ 97 വർഷവും കൊച്ചിയെ ജീവനോളം സ്നേഹിച്ച മുത്തശി തയ്യാറാക്കിയ കർട്ടനുകളും തൂവാലകളുമാണ് ജൂത പള്ളിയിലുള്ളത്. മട്ടാഞ്ചേരിയിൽ എത്തുന്ന ടൂറിസ്റ്റുകൾക്ക് വേണ്ട തൊപ്പികളും മറ്റും സാറയുടെ കടയിൽ ഉണ്ടായിരുന്നു. കൊച്ചങ്ങാടി മുതൽ പരദേശി സിനഗോഗ് വരെ നീണ്ട് കിടക്കുന്ന റോഡിനിരുവശവും ഒരു കാലത്ത് നിരവധി യഹൂദ കുടുംബങ്ങൾ താമസിച്ചിരുന്നതാണ്.
കറുത്ത ജൂതരുടെ സിനഗോഗ് അന്യാധീനപ്പെട്ട് ഇപ്പോൾ ഗോഡൗണായി മാറി. എന്നാൽ ജ്യൂസ്ട്രീറ്റിന്റെ വടക്കെ അറ്റത്തെ സിനഗോഗ് കൊച്ചിയുടെ ലോകപ്രശസ്തമായ പൗരാണികത മന്ദിരവും. ഇതിന് സമീപമാണ് സാറയും കുടുംബവും താമസിച്ചിരുന്നത്. ജൂത കുടുംബങ്ങൾ ഏതാണ്ടെല്ലാവരും ഇസ്രയേലിലേക്ക് മടങ്ങിയപ്പോൾ നിങ്ങൾ പോകുന്നില്ലേ എന്ന ചോദ്യത്തിന് സാറ പറഞ്ഞ മറുപടി ഇതായിരുന്നു, "എന്റെ മാതാപിതാക്കളും പ്രപിതാമഹൻമാരും ഉറങ്ങുന്ന മണ്ണാണിത്. എനിക്കും ഈ മണ്ണിൽ അലിയണം" എന്നായിരുന്നു. സാറയുടെ കുട്ടിക്കാലത്തേ അമ്മ മരിച്ചു. പിന്നീട് വളർത്തിയത് മുത്തശി. ഭർത്താവിന്റെ മരണശേഷം ഒറ്റക്കായ സാറ കടയിലെ തുന്നൽ പണികളുമായി ജീവിതം മുന്നോട്ട് നീങ്ങി. ഭർത്താവ് ജീവിച്ചിരുന്ന കാലത്താണ് മട്ടാഞ്ചേരി താഹ ഇബ്രാഹിം സാറയുടെ വീട്ടിൽ എത്തുന്നത്. പതിയെ താഹ സാറയുടെ മകനെപ്പോലെയായി. ഭർത്താവ് മരിച്ച ശേഷവും താഹ സഹായിയായി മാറി. ഒരു പ്രതിഫലവും താഹ സ്വീകരിച്ചില്ല. എന്നാൽ മരണം വരെ സാറയെ സംരക്ഷിക്കാൻ താഹ ഒപ്പം ഉണ്ടായിരുന്നു. ഇസ്രയേൽ പ്രസിഡന്റ് വിസ്മാൻ, ബ്രിട്ടീഷ് രാജ്ഞി എലിസബത്ത്, വിക്ടോറിയ രാജകുമാരൻ എന്നിവരുടെ കൊച്ചി സന്ദർശനത്തിലും കൊച്ചിയിൽ നടന്ന ജൂത വിവാഹങ്ങളിലും സാറാ മുൻ നിരയിലായിരുന്നു. പിതാമഹൻമാർ ഏറ്റുവാങ്ങിയ കൊച്ചിയുടെ മണ്ണിലേക്ക് സാറ വിടവാങ്ങുമ്പോൾ ഒരു കാലഘട്ടത്തിന്റെ ദീപ്തമായ ചരിത്രത്തിനാണ് തിരശീല വീണത്.