കൊച്ചി : കോതമംഗലത്ത് നിസാമോൾ (28) ആസിഡ് ആക്രമണത്തിൽ മരിച്ച കേസിൽ കോതമംഗലം ഇരമല്ലൂർ കുറ്റിലഞ്ഞിക്കര ചുള്ളിക്കാട്ട് വീട്ടിൽ ഷാജിത (35)യെ ജീവപര്യന്തം തടവിനും 21,000 രൂപ പിഴയ്ക്കും എറണാകുളം അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചു. സഹോദരന്റെ ഭാര്യയെയാണ് പ്രതി കൊലപ്പെടുത്തിയത്. പൊള്ളലേറ്റ നിസ രണ്ട് മാസം കഴിഞ്ഞാണ് മരിച്ചത്. ആദ്യം നരഹത്യക്കും ഗാർഹിക പീഡനത്തിനും കേസെടുത്തതെങ്കിലും പിന്നീട് കൊലക്കുറ്റം ചുമത്തി.
2016 ഒക്ടോബർ ഒന്നിനാണ് സംഭവം. പ്രതിയുടെ ഉപദ്രവം കൊണ്ട് ഭർത്താവിന്നും കുട്ടികൾക്കുമൊപ്പം എറണാകുളത്തിന് താമസിച്ചിരുന്ന നിസാമോൾ വതറവാട്ടിലെത്തിയപ്പോഴായിരുന്നു സംഭവം. കോലായിലിരുന്ന് മുടി ചീകിയിരുന്ന നിസയുടെ തലയിൽ ബക്കറ്റിൽ കരുതിയ റബ്ബറിന് ഒറയ്ക്കാൻ ഉപയോഗിക്കുന്ന ഫോർമിക് ആസിഡ് ഒഴിക്കുകയായിരുന്നു.
മരണമൊഴി, 34 ശതമാനത്തിലധികം പൊള്ളലാണ് മരണകാരണമെന്ന ഡോക്ടറുടെ മൊഴി, കടയിൽ നിന്ന് പ്രതി ആസിഡ് വാങ്ങിയത് തുടങ്ങിയ തെളിവുകൾ കോടതി അംഗീകരിച്ചു.

ആസിഡ് ആക്രമണത്തിന് പത്തു വർഷം കഠിനതടവും ഗാർഹിക പീഡനത്തിന് മൂന്നു വർഷവും കോടതി വിധിച്ചെങ്കിലും ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. പിഴ ഒടുക്കിയാൽ ആറും ഒമ്പതും വയസുള്ള നിസയുടെ മക്കൾക്ക് ലഭിക്കും.