കൊച്ചി: കൊച്ചി കോർപ്പറേഷനിലെ അധികാരത്തർക്കവും കെടുകാര്യസ്ഥതയും കൂടിക്കുഴഞ്ഞപ്പോൾ ഇല്ലാതായത് 198 പേരുടെ വീടെന്ന സ്വപ്നം. ഫോർട്ടുകൊച്ചി രണ്ടാം ഡിവിഷനിലെ തുരുത്തി കോളനിക്കാർ ആകെ നിരാശയിലാണ്. നിർദ്ധനരായ പാവങ്ങളുടെ പ്രതീക്ഷകളാണ് വിവാദങ്ങളുടെ കുത്തൊഴുക്കിൽ തകർന്നുവീഴുന്നത്. തൊട്ടടുത്തായി പണിതുയർത്തുന്ന 11 നില ഫ്ളാറ്റിൽ അന്തസോടെ ജീവിക്കാമെന്ന സ്വപ്നം സാക്ഷാത്കരിക്കുമോ എന്ന ആശങ്കയിലാണ് കോളനിനിവാസികൾ.
ഓരോ നിലയിലും 20 വീടുകൾ
70 സെന്റ് സ്ഥലത്താണ് ഫ്ളാറ്റ് നിർമ്മിക്കുന്നത്
11,000 ചതുരശ്ര അടി ആകെ വിസ്തീർണ്ണം
19 കുടുംബങ്ങൾ താഴത്തെ നിലയിൽ
20 വീടുകൾ വീതം മറ്റു നിലകളിൽ
320 ചതുരശ്ര അടി വിസ്തീർണ്ണം ഒരോ വീടിനും
നിലവിലെ അവസ്ഥ
താഴത്തെ നിലയുടെ സ്ലാബും ഒന്നാംനിലയിൽ ചില നിർമ്മാണ പ്രവർത്തനങ്ങളും കഴിഞ്ഞു
ഇത്രയും പണി തീർത്തതിന് 8.90 കോടി രൂപ കരാറുകാരന് നൽകിയിട്ടുണ്ട്
കരാറുകാരന്റെ ഭീഷണി
വ്യവസ്ഥയിൽ പറയുന്നതിൽ കൂടുതൽ ജോലി ചെയ്‌തതിനാൽ 1.5 കോടി രൂപ അധികം ചെലവഴിച്ചെന്നും റിവൈസ്‌ഡ് എസ്‌റ്റിമേറ്റ് അംഗീകരിച്ചു തരണമെന്നും പറഞ്ഞ് ജൂൺ 19ന് കരാറുകാരൻ മേയർക്ക് കത്തു നൽകി. അല്ലെങ്കിൽ കരാറിൽനിന്ന് ഒഴിവാക്കി തരണമെന്നും ആവശ്യപ്പെട്ടു. തുടർന്ന് സെക്യൂരിറ്റി ഡെപ്പോസിറ്റായി കെട്ടിവച്ച 91 ലക്ഷം രൂപ കരാറുകാരന് തിരികെ നൽകാൻ മേയർ മുൻകൂർ അനുമതി നൽകിയത് വിവാദങ്ങൾക്ക് വഴിവച്ചു. ഭരണപക്ഷത്തെ ഏഴ് കൗൺസിലർമാർ ഈ തീരുമാനത്തോട് വിയോജിച്ചു. മേയർക്കെതിരെ അവിശ്വാസപ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നൽകി.
സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്താം
ആദ്യ എസ്റ്റിമേറ്റിൽ പ്ളംബിംഗ്, ഇലക്‌ട്രിക്കൽ, ലിഫ്റ്റ് സ്ഥാപിക്കൽ തുടങ്ങിയ ജോലികൾക്ക് പണം ഉൾപ്പെടുത്തിയിരുന്നില്ല. ഇതിനുള്ള ചെലവ് കൂടി കണക്കാക്കിയാൽ നിർമ്മാണം പൂർത്തീകരിക്കുന്നതിന് 39 കോടി രൂപ വേണ്ടിവരുമെന്ന് കോർപ്പറേഷൻ നടത്തിയ പരിശോധനയിൽ കണ്ടെത്തി. അതേസമയം കേന്ദ്ര സ്മാർട്ട് സിറ്റി പദ്ധതിയിലെ (സി.എസ്.എം.എൽ )ഭവനനിർമ്മാണത്തിൽ തുരുത്തിയെ ഉൾപ്പെടുത്താമെന്ന നിർദേശം വന്നു. ഇതിനായി സി.എസ്.എം.എൽ 21 കോടിയും അനുവദിച്ചു.
കോർപ്പറേഷൻ കോടതി കയറണം
നിർമ്മാണം പൂർത്തീകരിച്ച് , ചെയ്ത ജോലിയിൽ യാതൊരു തകരാറുമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമേ സെക്യൂരിറ്റി തുക കരാറുകാരന് തിരിച്ചുനൽകാവൂ എന്നാണ് നിയമം . വേണ്ടത്ര ലാഭം ലഭിച്ചതിനാൽ കരാറുകാരൻ ഈ വർക്ക് തുടരുമോയെന്ന കാര്യത്തിൽ സംശയമുണ്ട്. അങ്ങനെ വന്നാൽ കോർപ്പറേഷൻ കോടതി കയറേണ്ടിവരും.
വി.പി. ചന്ദ്രൻ,പ്രതിപക്ഷ കൗൺസിലർ
ആശങ്കയോടെ തുരുത്തി കോളനിക്കാർ