കർണൻ ചെയർമാൻ, സജിത് നാരായണൻ കൺവീനർ
പെരുമ്പാവൂർ: എസ്.എൻ.ഡി. പി യോഗം കുന്നത്തുനാട് യൂണിയൻ പിരിച്ചു വിട്ട് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയ്ക്ക് ചുമതല നല്കി. യൂണിയൻ വൈസ് പ്രസിഡണ്ടടക്കം മൂന്ന് കൗൺസിൽ അംഗങ്ങളും, മൂന്ന് യോഗം ഡയറക്ടർമാരും രാജി വച്ചതോടെ 13 അംഗ കൗൺസിലിൽ ഭരണ സമിതിയുടെ ക്വാറം നഷ്ടമായതോടെയാണ് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ യൂണിയൻ പിരിച്ചു വിട്ടത്.
പുതിയ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ ചെയർമാനായി നിലവിലുള്ള പ്രസിഡന്റ് കെ.കെ കർണനെയും, കൺവീനറായി സജിത് നാരായണനെയും, കമ്മിറ്റിയംഗമായി എം.എ രാജുവിനെയും നിയോഗിച്ചു. യൂണിയൻ സെക്രട്ടറി ആർ.അജന്തകുമാറിന്റെ ജനാധിപത്യ വിരുദ്ധമായ നടപടികൾ മൂലം യൂണിയൻ ഭരണം മുന്നോട്ടു കൊണ്ടു പോകാനാകില്ലെന്നറിയിച്ച് വൈസ് പ്രസിഡന്റ് കെ.എൻ സുകുമാരൻ, കൗൺസിൽ അംഗങ്ങളായ ജയൻ.എൻ ശങ്കരൻ, വിപിൻ കോട്ടക്കുടി, എൻ.എസ് സുരേഷ് , യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ കെ.എൻ ഗോപാലകൃഷ്ണൻ, കെ.എം സജീവ്, ടി.എസ് ജയൻ എന്നിവരാണ് രാജിക്കത്ത് നൽകിയത്. ശാഖകളിൽ നിയമാനുസരണം തിരഞ്ഞെടുപ്പ് നടത്തി യൂണിയൻ വാർഷിക പൊതുയോഗവും ഭരണ സമിതി തിരഞ്ഞെടുപ്പും നടത്താനും യോഗം കൗൺസിൽ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയ്ക്ക് നിർദ്ദേശം നല്കി.