കൊച്ചി: ജനകീയ കവിതാ വേദിയും സ്നേഹവീട് കേരള സാഹിത്യവേദിയും സംയുക്തമായി ഏർപ്പെടുത്തിയ അക്ബർ കക്കട്ടിൽ പുരസ്കാരത്തിന് സന്തോഷ് എച്ചിക്കാനം അർഹനായി. 10,000 രൂപയും പ്രശസ്തി പത്രവും ശില്പവുമടങ്ങുന്ന പുരസ്കാരം സെപ്തംബർ എട്ടിന് എറണാകുളം കെ.എസ്.ഇ.ബി ഹാളിൽ നടക്കുന്ന സർഗോത്സവത്തിൽ നൽകുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സോഷ്യൽ മീഡിയയിലൂടെ നടത്തിയ ഒറ്റക്കവിതാ മത്സരത്തിൽ ശ്രീനിവാസൻ തൂണേരി, രശ്മി. ടി. പ്രദീപ്, ടി.പി. രാധാകൃഷ്‌ണൻ എന്നിവർ അർഹരായെന്നും ഭാരവാഹികൾ പറഞ്ഞു. കെ.കെ വർഗീസ് മൂപ്പന്റെ പേരിലുള്ള ജീവകാരുണ്യ സമ്മാനം എറണാകുളം ബ്രോഡ് വേയിലെ വസ്ത്ര വ്യാപാരിയാ നൗഷാദ്, പ്രവാസിയായ സക്കീർ പുത്തൻപാലം എന്നിവർക്ക് നൽകും.
സർഗോത്സവം മുൻ എം.പി പി. രാജീവ് ഉദ്ഘാടനം ചെയ്യും. പ്രൊഫ. എം.കെ. സാനു അവാർഡുകൾ വിതരണം ചെയ്യും. സമ്മേളനത്തിൽ ഡാർവിൻ പിറവത്തിന്റെ ചെകുത്താൻ കോട്ടയിലെ ചിലന്തിവലകൾ എന്ന പുസ്തകത്തിന്റെ പ്രകാശനം അനൂപ് ജേക്കബ് എം.എൽ.എയും കെ.കെ. ബാബുവിന്റെ കവിതയുടെ പൂക്കാലം എന്ന പുസ്തകത്തിന്റെ പ്രകാശനം ജോൺ ഫെർണാണ്ടസ് എം.എൽ.എയും സിന്ധു ദേവിശ്രീയുടെ കനൽവീഥിയും കടന്ന് എന്ന കൃതിയുടെ പ്രകാശനം എസ്. രമേശനും നിർവഹിക്കും.
വൈകിട്ട് നടക്കുന്ന സമാപന സമ്മേളനത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, രാജ്മോഹൻ ഉണ്ണിത്താൻ എം.പി എന്നിവർ പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ സംഘാടക സമിതി ചീഫ് ഓർഗനൈസർ കെ.കെ. ബാബു, ജനറൽ കൺവീനർ ഡാർവിൻ പിറവം, സുധീഷ് പാലക്കാട്, സുനിത ഷാജി എന്നിവർ പങ്കെടുത്തു.