അഭയം തേടി ട്രാൻസ്‌ജെൻഡേഴ്സ്
കൊച്ചി: ലിംഗസമത്വത്തിന്റെ തിളക്കമാർന്ന പ്രഖ്യാപനത്തോടെയാണ് രണ്ടു വർഷം മുമ്പ് ആലുവയിൽ നിന്ന് പാലാരിവട്ടത്തേക്ക് കൊച്ചി മെട്രോ സർവീസ് തുടങ്ങിയത്. 23 ട്രാൻസ്‌ജെൻഡേഴ്സിനെ റിക്രൂട്ട് ചെയ്യാനുള് തീരുമാനത്തോടെ കെ.എം.ആർ.എൽ ചരിത്രത്തിൽ ഇടംപിടിച്ചു. ആഗോളമാദ്ധ്യമങ്ങളിൽ വരെ ഇത് വാർത്തയായി.
കുടുംബശ്രീ വഴിയാണ് ഇവരെ തിരഞ്ഞെടുത്തത്. ഒരു മാസത്തെ പരിശീലനത്തിന് ശേഷം ടിക്കറ്റിംഗ്, ഹൗസിംഗ്, കസ്റ്റമർ വിഭാഗത്തിൽ നിയമനവും ലഭിച്ചു. മെട്രോയുടെ പരീക്ഷണ ഓട്ടത്തിലെ ആദ്യ യാത്രക്കാരാകാനും ട്രാൻസ്‌ജെൻഡേഴ്സിന് ഭാഗ്യം ലഭിച്ചു.
# തുടക്കത്തിലെ കൊഴിഞ്ഞുപോക്ക്
മെട്രോ സർവീസ് തുടങ്ങിയതോടെ ട്രാൻസ്‌ജെൻഡേഴ്സിന്റെ കൊഴിഞ്ഞുപോക്കും തുടങ്ങി. സിനിമ, മോഡലിംഗ് അവസരങ്ങൾ ലഭിച്ചതിനാൽ ശീതൾ ശ്യാം, തൃപ്തി ഷെട്ടി എന്നിവർ ആദ്യംതന്നെ ജോലി ഉപേക്ഷിച്ചു. താമസസൗകര്യമില്ലാത്തതും രാത്രി ജോലി കഴിഞ്ഞ് പോകാനുള്ള യാത്രാ സംവിധാനമില്ലാത്തതും പലരെയും വലച്ചു. താമസമായിരുന്നു മറ്റൊരു പ്രശ്നം. കുറഞ്ഞ ശമ്പളം ചെലവിനും വീട്ടു വാടകയ്ക്കും തികയില്ലെന്ന് പരാതിയായി. ഹൗസ് കീപ്പിംഗ് വിഭാഗത്തിൽ ഒതുക്കുന്നുവെന്ന് ആക്ഷേപം ഉയർന്നു. സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ ട്രാൻസ്ജെൻഡേഴ്സ് തങ്ങളുടെ പരാതികൾ പങ്കുവച്ചു. ആറു മാസമായപ്പോഴേക്കും ഇവരുടെ എണ്ണം പതിനൊന്നായി കുറഞ്ഞു.
# തുല്യപരിഗണന മാത്രം
ട്രാൻസ്‌ജെൻഡേഴ്സിന് താമസസൗകര്യം ഒരുക്കാൻ മെട്രോയുടെ നേതൃത്വത്തിൽ ശ്രമം നടന്നെങ്കിലും ഫലം ഉണ്ടായില്ല. യാത്രാപ്രശ്നവും പരിഹരിക്കാൻ കഴിഞ്ഞില്ല. കുടുംബശ്രീ വഴിയായതിനാൽ മെട്രോയുടെ ശമ്പളസ്കെയിൽ ഇവർക്ക് അവകാശപ്പെടാൻ കഴിയില്ല. അതേസമയം മെട്രോയിൽ തുടരുന്ന ട്രാൻസ്‌ജെൻഡേഴ്സിന്റെ പ്രവർത്തനത്തിൽ ജീവനക്കാരും യാത്രക്കാരും സന്തുഷ്ടരാണ്. ഇവർ എല്ലാവരും നഗരത്തിലോ സമീപപ്രദേശങ്ങളിലോ ആണ് താമസിക്കുന്നത്. കുടുംബത്തിന്റെ പിന്തുണയുമുണ്ട്. കസ്റ്റമർ കെയറിൽ ഉണ്ടായിരുന്നവർക്ക് ടിക്കറ്റിംഗ് വിഭാഗത്തിലേക്ക് ഉദ്യോഗക്കയറ്റം ലഭിച്ചു. എല്ലാ ജീവനക്കാർക്കും വർഷംതോറും 5.5 ശതമാനം വീതം ശമ്പള വർദ്ധനയുണ്ട്.പി.എഫ്, ഇ.എസ്.ഐ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ, യൂണിഫോം തുടങ്ങിയ സൗകര്യങ്ങളുണ്ട്.
# ജീവനക്കാർക്ക് യാത്രാസൗകര്യം
മെട്രോ തൈക്കൂടത്തേക്ക് നീട്ടുന്നതോടെ ജീവനക്കാരുടെ ഷിഫ്റ്റ് സംവിധാനത്തിൽ മാറ്റം വരും. നിലവിൽ മൂന്ന് ഷിഫ്റ്റുണ്ടായിരുന്നത് രണ്ടാക്കി. കഴിയുന്നതും വീടിനോട് സമീപമുള്ള സ്റ്റേഷനുകളിൽ നിയോഗിക്കാൻ ശ്രമിച്ചിട്ടുണ്ട്. രാത്രി ഷിഫ്റ്റിലുള്ളവരെ വീട്ടിലെത്തിക്കാൻ വാഹനസൗകര്യവുമുണ്ടെന്ന് കുടുംബശ്രീ വൃത്തങ്ങൾ പറഞ്ഞു.