പറവൂർ : പുത്തൻവേലിക്കര താലൂക്ക് ആശുപത്രിയിൽ കിടത്തി ചികിത്സ പുനാരാരംഭിക്കുക, രാത്രിയിൽ ഡോക്ടർമാരുടെ സേവനം ഉറപ്പാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചു പുത്തൻവേലിക്കര റസിഡൻസ് സമിതിയുടെ നേതൃത്വത്തിൽധർണ നടത്തി. കാർഷികഗ്രാമമായ പുത്തൻവേലിക്കരയിലെ ജനങ്ങളുടെ ആശ്രയമായ താലൂക്ക് ആശുപത്രി പാറക്കടവ് ബ്ലോക്ക് പഞ്ചായത്തിനു കീഴിലാണ്. ആശുപത്രിയുടെ പ്രവർത്തനം കാര്യക്ഷമാക്കണമെന്നാവശ്യപ്പെട്ട് ഗ്രാമവാസികൾ ഒട്ടേറെ സമരങ്ങൾ നടത്തി. അധികാരികൾക്കു നിവേദനങ്ങൾ നൽകിയിട്ടും നടപടിയുണ്ടായിട്ടില്ല. വർഷങ്ങളായി അധികാരികൾ അനാസ്ഥ തുടരുകയാണ്. 45 കിടക്കകളുള്ള ഇവിടെ ഏഴ് ഡോക്ടർമാരും നഴ്സുമാരുംഉൾപ്പെടെ 24 ജീവനക്കാരുണ്ട് . ഡോക്ടർമാർക്ക് ക്വാർട്ടേഴസുമുണ്ട് .എന്നാൽ ആശുപത്രിയിൽ കിടത്തി ചികിത്സയോ രാത്രിയിൽ സേവനമോയില്ല. 2011 നു മുമ്പ് ഹെൽത്ത് സെന്റർ ആയിരുന്നപ്പോൾ കേവലം രണ്ട് ഡോക്ടർമാർ മാത്രം ഉണ്ടായിരുന്ന സമയത്ത് കിടത്തി ചികിത്സയടക്കം എല്ലാവിധ സൗകര്യങ്ങളുമുണ്ടായിരുന്നു. താലൂക്ക് ആശുപത്രിയാക്കി ഉയർത്തിയപ്പോൾ നിലവാരം ഇടിഞ്ഞു. ആശുപത്രിക്കു രൂപം കൊടുക്കാൻ പ്രയത്നിച്ച പൊതുപ്രവർത്തകൻ പി.കെ. സുഗതൻ ധർണ ഉദ്ഘാടനം ചെയ്തു. കൺവീനർ നിഷാദ് ശോഭനൻ അദ്ധ്യക്ഷത വഹിച്ചു. ചെയർമാൻ പി.ജെ. തോമസ്, കവി പുത്തൻവേലിക്കര സുകുമാരൻ, ഒ. സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.