വൈറ്റില - കുണ്ടന്നൂർ ഗതാഗത പ്രതിസന്ധി
കൊച്ചി:ദേശീയപാതയിൽ മേല്പാലങ്ങളുടെ നിർമാണം നടക്കുന്ന വൈറ്റില മുതൽ കുണ്ടന്നൂർ വരെയുള്ള മേഖലയിൽ ഗതാഗതം സുഗമമാക്കാൻ സർക്കാരും ജില്ലാ ഭരണകൂടവും രംഗത്തിറങ്ങി. രണ്ടാഴ്ച്ചയ്ക്കുള്ളിൽ റോഡുകളുടെ അറ്റക്കുറ്റപ്പണി പൂർത്തിയാക്കി ഗതാഗതം സുഗമമാക്കുമെന്ന് കളക്ടർ അറിയിച്ചു. മന്ത്രി ജി. സുധാകരന്റെ നിർദ്ദേശപ്രകാരം പ്രിൻസിപ്പൽ സെക്രട്ടറി ജി. കമലവർധനറാവു, ജില്ലാ കളക്ടർ എസ്. സുഹാസിനൊപ്പം ഈ മേഖലയിൽ സന്ദർശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തി. പാലങ്ങളുടെയും റോഡിന്റെയും ചുമതലയുള്ള വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു.
തീരുമാനങ്ങൾ
❑റോഡിന്റെയും പാലങ്ങളുടെയും നിർമാണം ജില്ലാ കളക്ടർ ദിവസവും നേരിട്ട് വിലയിരുത്തും.
❑കുണ്ടന്നൂർ ഭാഗത്തെ താത്ക്കാലിക യു ടേണിലൂടെ ഭാരവാഹനങ്ങൾ തിരിയുന്നത് നിരോധിക്കണമെന്നതടക്കമുള്ള നിർദ്ദേശങ്ങൾ പൊലീസുമായി ചർച്ച ചെയ്ത് തീരുമാനിക്കും.
❑സർവീസ് റോഡുകൾ രണ്ട് ആഴ്ചയ്ക്കുള്ളിൽ കോൺക്രീറ്റ് ടൈൽ വിരിച്ച് ഗതാഗതയോഗ്യമാക്കും.
❑കുണ്ടന്നൂർ ജംഗ്ഷനിൽ നിന്നും ക്രൗൺ പ്ലാസ ഹോട്ടലിന്റെ ഭാഗത്തേക്കുള്ള സർവീസ് റോഡുകൾ വീതികൂട്ടി വാഹനഗതാഗതം സുഗമമാക്കും. റോഡിലെ കുഴികൾ നികത്തുകയും ആവശ്യമായ ഘട്ടങ്ങളിലെല്ലാം ഇത് തുടരും.
❑കാൽ നടയാത്രക്കാർക്ക് സുരക്ഷിതമായി റോഡ് മുറിച്ചു കടക്കുന്നതിന് പെഡസ്ട്രിയൻ ക്രോസിംഗ് ഏർപ്പെടുത്തും.
❑വാഹനങ്ങളുടെ രാത്രിയാത്ര സുഗമമാക്കുന്നതിനും ദിശ വ്യക്തമാക്കുന്നതിനുമായി ആവശ്യമായ സ്ഥലങ്ങളിലെല്ലാം റിഫ്ളക്ടറുകൾ സ്ഥാപിക്കും.
വലിയ കുഴികൾ വെറ്റ് മിക്സ് ഉപയോഗിച്ച് നികത്തും.
❑റോഡ് നിർമിക്കുന്ന കോൺട്രാക്ടറുടെ പേരും റോഡ് സംബന്ധമായ പരാതികൾ അറിയിക്കുന്നതിനുള്ള ഹോട്ട്ലൈൻ നമ്പറുകളും റോഡിന്റെ ഇരുവശത്തും പ്രദർശിപ്പിക്കും.
❑നിർമാണ പ്രവർത്തനങ്ങൾ മൂലം റോഡിന്റെ തുടർച്ച നഷ്ടപ്പെട്ട ഭാഗങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കും.