പറവൂർ : പ്രളയത്തിൽ രക്ഷാപ്രവർത്തനം നടത്തിയ മത്സ്യതൊഴിലാളിക്ക് അവഗണന.താമസിക്കുന്ന കൊച്ചുവീട്ടിൽ ആറടിയോളം വെള്ളം കയറി. വീട്ടുപകരണങ്ങളെല്ലാം നശിച്ചു. മത്സ്യതൊഴിലാളിയായ ചെറിയപല്ലംതുരുത്ത് ഫിഷർമാൻ കോളനിയിൽ അരയൻമാട്ട് പുഷ്കരന് കിട്ടിയത് പതിനായിരം രൂപ മാത്രം. ഭാര്യയും സ്കൂൾ വിദ്യാർത്ഥികളായ രണ്ടു മക്കളും അമ്മയുമടങ്ങുന്നതാണ് കുടുംബം. വഞ്ചിയിൽ പോയി മീൻപിടിച്ചു വിറ്റുകിട്ടുന്ന വരുമാനം കൊണ്ടാണ് ജീവിക്കുന്നത്. കഴിഞ്ഞവർഷത്തെ പ്രളയത്തിൽ രക്ഷാപ്രവർത്തനത്തിൽ സജീവമായിരുന്ന പുഷ്കരൻ ഒരു തവണ ഒഴുക്കിൽപ്പെട്ടതാണ്. പുഷ്കരനും സുഹൃത്തായ എം.ആർ. രാജിത്തും ചേർന്നു മൂലേക്കടവ് ഭാഗത്ത് അമ്മയെയും 28 ദിവസം പ്രായമുള്ള കുഞ്ഞിനെയും രക്ഷപ്പെടുത്തി സുരക്ഷിത സ്ഥലത്ത് എത്തിച്ചിരുന്നു. വെള്ളം കയറി പുഷ്കരന്റെ കൊച്ചു വീട്ടിലെ ടെലിവിഷൻ, അലമാര, കിടക്ക എന്നിവ നശിച്ചു. പാത്രങ്ങൾ ഒഴുകിപ്പോയി. ഒരു വാതിൽ പൊളിഞ്ഞു. ഉപജീവനമാർഗമായിരുന്ന മൂന്നു വലകൾ നഷ്ടപ്പെട്ടു.
വള്ളം മറിഞ്ഞു,ഭാഗ്യം തുണച്ചു
കഴിഞ്ഞ പ്രളയകാലത്ത് ചെറിയപല്ലംതുരുത്തിലേക്ക് പോകുന്നതിനിടെ പറയകാട് പാലത്തിനു സമീപത്ത് പുഷ്കരനും രാജിത്തും സഞ്ചരിച്ചിരുന്ന കൊച്ചു വള്ളം മറിഞ്ഞു. കുത്തിയൊഴുകുന്ന ആറടിയിലേറെ താഴ്ചയുള്ള വെള്ളത്തിലേക്കാണ് ഇരുവരും വീണത്. നീന്തി രണ്ടുപേരും സമീപത്തുണ്ടായിരുന്ന മതിലിൽ കയറി.വൈകിട്ട് ഏഴ് മണി മുതൽ നാല് മണിക്കൂർ ഇവർ മതിലിന്റെ മുകളിൽ ഇരുന്നു. ചുറ്റും വെള്ളം മാത്രമായിരുന്നു. ഒഴുക്കിൽപ്പെട്ടു മതിൽ ഇടിയുമോയെന്ന് ഭയമുണ്ടായിരുന്നു. പിന്നീട് അതുവഴി മറ്റൊരു വഞ്ചി വന്നത് രക്ഷയായി.