പെലാജിക് മത്സ്യബന്ധനം ഇന്ന് മുതൽ ഇല്ല
കടലിലെ മത്സ്യസമ്പത്ത് ശോഷിക്കുന്നത് തടയാൻ
* ഫിഷറീസ് ഉദ്യോഗസ്ഥരുമായുള്ള സംഘർഷവും കുറയും


കെ.കെ. രത്‌നൻ
വൈപ്പിൻ : ചെറുമീനുകളെ പിടിക്കുന്ന പെലാജിക് വലകൾ ഉപയോഗിച്ചുള്ള മത്സ്യബന്ധനംനിർത്തിവയ്ക്കാൻ മുനമ്പം മത്സ്യമേഖലയിലെ തൊഴിലാളികളും മറ്റ് ബന്ധപ്പെട്ടവരും തീരുമാനിച്ചു. പെലാജിക് വല ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്ന ബോട്ടുകളെ സംരക്ഷിക്കില്ലെന്ന് 150 ഓളം ബോട്ടുകൾ ഉൾക്കൊള്ളുന്ന മുനമ്പം യന്ത്രവൽകൃത മത്സ്യബന്ധന പ്രവർത്തകസംഘം തീരുമാനമെടുത്തു. മുനമ്പത്തെ എല്ലാ മത്സ്യത്തൊഴിലാളി സംഘടനകളും ബോട്ടുടമ സംഘടനകളും തീരുമാനം നടപ്പാക്കാൻ ഒരുങ്ങിക്കഴിഞ്ഞു.പെലാജിക് വലകൾ ഉപയോഗിക്കുന്നത് മുമ്പേ തന്നെ നിരോധിച്ചിട്ടുള്ളതാണെങ്കിലും ഫിഷറീസിന്റെയും മറൈൻ എൻഫോഴ്‌സമെന്റിന്റെയും കണ്ണുവെട്ടിച്ച് പല ബോട്ടുകളും ചെറുമീനുകൾക്ക് വേണ്ടി പെലാജിക് വലകൾ ഉപയോഗിച്ചിരുന്നു. പിടിക്കപ്പെടുന്ന ബോട്ടുകളിൽ ഉണ്ടാകുന്ന മീനുകൾ ഉദ്യോഗസ്ഥർ കണ്ടുകെട്ടുകയും കനത്ത പിഴ ചുമത്തുകയും ചെയ്യുമ്പോഴൊക്കെ ഉദ്യോഗസ്ഥരും ബോട്ടുകാരും തമ്മിൽ സംഘർഷമുണ്ടായി
ചെറുമീനുകളെ പിടിക്കുന്നതിനാൽ കടലിലെ മത്സ്യ സമ്പത്ത് ഇല്ലാതാകുന്ന സ്ഥിതിയെ തുടർന്നാണ് ബോട്ടുടമകളും തൊഴിലാളികളും സ്വയം പെരുമാറ്റച്ചട്ടം പാലിക്കാൻ തീരുമാനമെടുത്തത്. തീരുമാനം നടപ്പാക്കാൻ 'മത്സ്യസംരക്ഷണസമിതി' എന്ന പേരിൽ മുനമ്പത്ത് സംഘടന രൂപീകരിച്ചു.

അന്യസംസ്ഥാനത്തൊഴിലാളികൾക്ക് പ്രിയം

കടലിലെ മത്സ്യസമ്പത്തിന്റെ സംരക്ഷകരാണ് മുനമ്പം കേന്ദ്രീകരിച്ചുള്ള മത്സ്യത്തൊഴിലാളികൾ. എന്നാൽ ഈ രംഗത്തേക്ക് തമിഴ്‌നാട്ടുകാരും പിന്നാല മറ്റ് അന്യസംസ്ഥാനത്തൊഴിലാളികളും തള്ളിക്കയറി വന്നതോടെ പല മര്യാദകളും ഉപേക്ഷിക്കപ്പെട്ടു. തുടർന്നാണ് നിരോധിക്കപ്പെട്ട പെലാജിക് വലകൾ ഉപയോഗിച്ചുള്ള മത്സ്യബന്ധനം വ്യാപകമായത് .എന്നാൽ തങ്ങളുടെ തന്നെ പ്രവൃത്തികൾ കൊണ്ട് തങ്ങളുടെ അന്നം തന്നെ മുട്ടുന്ന തരത്തിലേക്ക് സ്ഥിതിഗതികൾ മാറിയപ്പോൾ അച്ചടക്കം പാലിക്കാൻ തന്നെ ബന്ധപ്പെട്ടവർ തീരുമാനിക്കുകയായിരുന്നു.