പറവൂർ : തമിഴ്നാട് സ്വദേശിനി ജയലക്ഷ്മി (26)യെ കൊലപ്പെടുത്തിയ കേസിൽ തമിഴ്നാട് സ്വദേശി പെരുമാൾ (39)നെ പറവൂർ അഡീഷണൽ സെഷൻസ് കോടതി ജഡ്ജ് എൻ.വി. രാജു ജീവപര്യന്തം തടവിനും 80,000 രൂപ പിഴയുമടയ്ക്കാൻ വിധിച്ചു . വിവാഹിതയും മൂന്നു കുട്ടികളുടെ അമ്മയുമായ ജയലക്ഷ്മിയോടൊപ്പം സ്വദേശമായ തിരുവണ്ണാമലയിൽ നിന്ന് ഒളിച്ചോടിയ പെരുമാൾ കാക്കനാട് കമ്പിവേലിക്കകം കോളനിയിൽ വാടകയ്ക്കു താമസിച്ചു വരികയായിരുന്നു. ജയലക്ഷ്മിയെ അന്വേഷിച്ചെത്തിയ സഹോദരിയോടൊപ്പം സ്വദേശത്തേക്കു മടങ്ങിപ്പോകാൻ ശ്രമിച്ചതിനെത്തുടർന്നുള്ള വിരോധത്താൽ വാക്കത്തികൊണ്ട് കഴുത്തിൽവെട്ടി കൊലപ്പെടുത്തുകയായിരുന്നെന്നാണ് പ്രോസിക്യൂഷൻ കേസ്. 2015 ജൂലായ് ഒന്നിനാണു കൊലപാതകം നടന്നത്. സംഭവത്തിന് ശേഷം വാക്കത്തി ഒളിപ്പുച്ചു നാടുവിട്ട പെരുമാൾ തിരുപ്പതിയിൽ ഒളിച്ചു താമസിക്കുകയായിരുന്നു. ഇയാളെ കളമശേരി സർക്കിൾ ഇൻസ്പെക്ടർ സി.ജെ. മാർട്ടിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടി. അന്ന് സർക്കിൾ ഇൻസ്പെക്ടറായിരുന്ന എസ്.ജയകൃഷ്ണനാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. ദൃക്സാക്ഷികൾ ആരുമില്ലാതിരുന്ന കേസിൽ സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കോടതി ശിക്ഷ വിധിച്ചത്. പെരുമാൾ പിഴയടയ്ക്കുന്ന തുക ജയലക്ഷ്മിയുടെ മക്കൾക്ക് നൽകുന്നതിന് വിധിപകർപ്പ് തിരുവണ്ണാമല ലീഗൽ സർവീസ് അതോറിട്ടിയ്ക്ക് അയച്ചുകൊടുക്കാൻ കോടതി നിർദേശിച്ചു. പ്രോസിക്യൂഷനു വേണ്ടി പബ്ളിക്ക് പ്രോസിക്യൂട്ടർമാരായ എം.ബി. ഷാജി, ജ്യോതി അനിൽകുമാർ, പി. ശ്രീറാം, കെ.കെ. സാജിത എന്നിവർ ഹാജരായി.