കൊച്ചി: രണ്ടു പതിറ്റാണ്ടിന് ശേഷം കേരള ഫുട്‌ബാൾ അസോസിയേഷനിൽ തലമുറമാറ്റം. പുതിയ പ്രസിഡന്റായി ഇടുക്കി അറക്കുളം പഞ്ചായത്ത് പ്രസിഡന്റ് ടോം ജോസ് കുന്നേൽ തിരഞ്ഞെടുക്കപ്പെട്ടു. ഈ സ്ഥാനത്തേക്ക് മത്സരിച്ച കോഴിക്കോട് നോർത്ത് എം.എൽ.എ എ. പ്രദീപ്കുമാർ ദയനീയമായി പരാജയപ്പെട്ടു. ടോം ജോസ് 29 വോട്ടുകൾ നേടിയപ്പോൾ പ്രദീപ് കുമാറിന് 11 വോട്ടുകൾ മാത്രമാണ് നേടാനായത്.
പ്രദീപ്കുമാറിനെ വിജയിപ്പിക്കാൻ സി.പി.എം സജീവമായി രംഗത്തുണ്ടായിരുന്നെങ്കിലും കാര്യമായ പിന്തുണ നേടാനായില്ല. ആറു വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്കും രണ്ട് ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങളിലേക്കും വോട്ടെടുപ്പിലൂടെയാണ് പുതിയ ഭാരവാഹികളെ നിശ്ചയിച്ചത്.
വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് ഏഴു പേരാണ് മത്സരിച്ചത്. കെ.പി സണ്ണി, കെ.കെ ഗോപാലകൃഷ്ണൻ (കൊല്ലം), രഞ്ജി കെ.ജേക്കബ് (പത്തനംതിട്ട), എ.വി മോഹനൻ (കണ്ണൂർ), അബ്ദുൾ കരീം (മലപ്പുറം), പി.പൗലോസ് (എറണാകുളം) എന്നിവർ വിജയിച്ചു. ജോ.സെക്രട്ടറിമാരായി മുഹമ്മദ് റഫീഖ് (കാസർകോട്), അച്ചു.എസ് (കോട്ടയം) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. പാലക്കാട് നിന്നുള്ള എം.ശിവകുമാറിനെ എതിരില്ലാതെ ട്രഷററായി തിരഞ്ഞെടുത്തു. മുൻ കമ്മിറ്റിയിൽ വൈസ് പ്രസിഡന്റുമാരായിരുന്നു ടോ ജോസും പ്രദീപ്കുമാറും. ഇടുക്കി ജില്ലാ ഫുട്‌ബാൾ അസോസിയേഷന്റെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള ടോം ജോസ് മൂലമറ്റത്ത് നിന്നുള്ള വികാസ് (ഹീറോസ്) ഫുട്‌ബാൾ ക്ലബിന്റെ മുൻ താരവും ഇപ്പോഴത്തെ അമരക്കാരനുമാണ്.
14 ജില്ലാ ഫുട്‌ബാൾ അസോസിയേഷനുകളിലെ തിരഞ്ഞെടുക്കപ്പെട്ട മൂന്നു വീതം പേർക്കായിരുന്നു വോട്ടവകാശം. 42 പേരിൽ 40 പേർ വോട്ടെടുപ്പിൽ പങ്കെടുത്തു. 70 വയസിന് മുകളിലുള്ളവർക്ക് മത്സരിക്കാൻ സാധിക്കാത്തതിനാൽ രണ്ട് ദശാബ്ദക്കാലത്തോളം കെ.എഫ്.എയെ നയിച്ച കെ.എം.ഐ മേത്തർ മത്സര രംഗത്തുണ്ടായിരുന്നില്ല. മേത്തറെ ഓണററി പ്രസിഡന്റായി പുതിയ ഭരണസമിതി നോമിനേറ്റ് ചെയ്തു. സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പില്ലാത്തതിനാൽ നിലവിലെ സെക്രട്ടറി അനിൽകുമാർ തുടരും.