മഹാരാജാസ്‌ -തൈക്കൂടം പാത ഉദ്‌ഘാടനം മൂന്നിന്

കൊച്ചി: സുരക്ഷാപരിശോധന പൂർത്തിയായ കൊച്ചി മെട്രോയുടെ മഹാരാജാസ്‌ -തൈക്കൂടം പാത ചൊവ്വാഴ്ച കമ്മിഷൻ ചെയ്യും. കടവന്ത്ര രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ രാവിലെ 11നു നടക്കുന്ന ചടങ്ങിൽ ഉദ്ഘാടനവും വാട്ടർ മെട്രോയുടെ പ്രഥമ ടെർമിനലിന്റെ മരാമത്ത് പ്രവർത്തനോദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കേന്ദ്ര ഭവന, നഗര വികസന സഹമന്ത്രി ഹർദീപ് സിംഗ് പുരി പങ്കെടുക്കും.

# സുരക്ഷാപരിശോധന പൂർത്തിയായി

5.65 കിലോമീറ്റർ പാതയിൽ മെട്രോ റെയിൽവേ സുരക്ഷാ കമ്മീഷണർ കെ.എ.മനോഹരന്റെ നേതൃത്വത്തിലുള്ള സുരക്ഷാ പരിശോധന ഇന്നലെ വൈകിട്ടോടെ പൂർത്തിയായി. രണ്ടു ദിവസം നീണ്ട പരിശോധനയിൽ പുതിയ ട്രാക്ക്, റെയിൽവേ സ്റ്റേഷനുകൾ, സിഗ്‌നൽ, ടെലികമ്യൂണിക്കേഷൻ പ്രവർത്തനം എന്നിവ സുരക്ഷാ കമ്മീഷണറും സംഘവും പരിശോധിച്ചു. അനുമതി പത്രം ഇന്നോ നാളയോ ലഭിക്കുമെന്നാണ് പ്രതീക്ഷ.

എറണാകുളം സൗത്ത്, കടവന്ത്ര, എളംകുളം, വൈറ്റില, തൈക്കൂടം എന്നിങ്ങനെ അഞ്ചു സ്റ്റേഷനുകളാണ് പുതിയ പാതയിലുള്ളത്.

5.65 കിലോമീറ്റർ പാതയിൽ ജൂലായ് 21നു പരീക്ഷണയോട്ടം തുടങ്ങിയിരുന്നു.

ആലുവ മുതൽ മഹാരാജാസ് വരെ നിലവിൽ 16 സ്റ്റേഷനുകളാണുള്ളത്.

18 ട്രെയിനുകൾ സർവീസ് നടത്തുന്നു.

മെട്രോ തൈക്കൂടത്തെത്തുന്നതോടെ സ്റ്റേഷനുകളുടെ എണ്ണം 21 ആയി ഉയരും.

ആലുവ മുതൽ തൈക്കൂടം വരെ 23.79 കിലോമീറ്റർ പാതയിൽ മെട്രോ സർവീസ് തുടങ്ങുന്നതോടെ യാത്രക്കാരുടെ എണ്ണവും വരുമാനവും കുതിച്ചുയരും .

എറണാകുളം സൗത്ത് റെയിൽവെ സ്റ്റേഷനും വൈറ്റില മൊബിലിറ്റി ഹബിനും തൊട്ടടുത്ത് മെട്രോ സ്റ്റേഷനുകൾ സ്ഥിതി ചെയ്യുന്നതു കൂടുതൽ യാത്രക്കാരെ കിട്ടാൻ സഹായിക്കും.

നിലവിൽ 35000 മുതൽ 40000 വരെയാണ് ദിവസയാത്രക്കാരുടെ എണ്ണം.