നെടുമ്പാശേരി: റദ്ദാക്കിയ ടിക്കറ്റുമായി കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ പ്രവേശിച്ച കോട്ടയം സ്വദേശി അനീഷ് ജോൺ (46) അറസ്റ്റിലായി. ഇന്നലെ രാവിലെയാണ് സംഭവം. മസ്ക്കറ്റിലേക്ക് പോയ കുടുംബാംഗങ്ങൾക്കൊപ്പമാണ് അനീഷ് ജോൺ എത്തിയത്. റദ്ദാക്കിയ ടിക്കറ്റുമായി അന്താരാഷ്ട്ര ടെർമിനലിൽ പ്രവേശിച്ച ശേഷം ഒന്നും രണ്ടും ഗേറ്റുകൾ കടന്ന് എമിഗ്രേഷൻ വിഭാഗത്തിന് സമീപമെത്തിയപ്പോഴാണ് പിടിയിലായത്. ബന്ധുക്കളെ യാത്ര തുടരാൻ അനുവദിച്ച സി.ഐ.എസ്.എഫ് അനീഷ് ജോണിനെ നെടുമ്പാശേരി പൊലീസിന് കൈമാറുകയായിരുന്നു.