പിറവം: നഗരസഭയുടെ അത്താഘോഷം തിങ്കളാഴ്ച വൈകിട്ട് മൂന്നിന് നടക്കും. ആർഭാടങ്ങൾ ഒഴിവാക്കിയാണ് നഗരസഭ അത്തച്ചമയ ഘോഷയാത്ര സംഘടിപ്പിക്കുന്നത്. കുടുംബശ്രീ പ്രവർത്തകർ, സ്കൂൾ, കോളേജ് വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുക്കുന്ന സാംസ്കാരിക ഘോഷയാത്രയിൽ നിശ്ചല ദൃശ്യങ്ങളും അണി നിരക്കും.
പിറവം സെന്റ് ജോസഫ് ഹൈസ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന സാംസ്കാരിക സമ്മേളനംതോമസ് ചാഴികാടൻ എം.പി ഉദ്ഘാടനം ചെയ്യും. അനൂപ് ജേക്കബ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. അത്തച്ചമയ ഘോഷയാത്ര ജില്ലാ കളക്ടർ എസ്. സുഹാസ് ഫ്ലാഗ് ഒഫ് ചെയ്യും. നഗരസഭാ ചെയർമാൻ സാബു കെ. ജേക്കബ് സമ്മേളനത്തിൽ സ്വാഗതം പറയും. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് ദാനം നഗരസഭാ വൈസ് ചെയർപേഴ്സൺ അന്നമ്മ ഡോമി നിർവ്വഹിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ്, ജില്ലാ പഞ്ചായത്തംഗം കെ.എൻ. സുഗതൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ സുമിത് സുരേന്ദ്രൻ, ജയ സോമൻ തുടങ്ങിയവർ പങ്കെടുക്കും.