ഇടുക്കി: ഭവനരഹിതർക്കു വീട് നിർമിച്ചു നൽകുന്ന ലൈഫ് മിഷൻ പദ്ധതിയുടെ മൂന്നാം ഘട്ടത്തിലെ ഗുണഭോക്താക്കളുടെ പട്ടിക തയ്യാറാക്കാൻ ആരംഭിച്ചു. ഭൂരഹിതരായവരുടെ പട്ടിക അംഗീകരിക്കുന്നതോടെ നിർമാണജോലികൾ ആരംഭിക്കും. ഇതിനുള്ള അർഹതാ പട്ടിക 15ന് മുമ്പ് പൂർത്തിയാക്കും. പദ്ധതി നടപ്പിലാക്കുന്നതിനായി കാഞ്ചിയാർ, രാജാക്കാട്, വാത്തിക്കുടി, പെരുവന്താനം പഞ്ചായത്തുകളിലും കട്ടപ്പന നഗരസഭയിലും ഭൂമി കണ്ടെത്തി. തോട്ടംമേഖല കൂടിയായ മൂന്നാറിലാണ് ഏറ്റവും കൂടുതൽ അപേക്ഷകരുള്ളത്. നാലായിരത്തിലേറെ പേർ. ഇതിന്റെ ഭാഗമായി കളക്ടറേറ്റ്‌കോൺഫറൻസ് നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ് അദ്ധ്യക്ഷയായിരുന്നു. ലൈഫ് മിഷൻ ജില്ലാ- കോ ഓർഡിനേറ്റർ കെ. പ്രവീൺ പദ്ധതികൾ വിശദീകരിച്ചു. യോഗത്തിൽ ദാരിദ്ര്യ ലഘൂകരണ വിഭാഗം ജില്ലാ പ്രോജക്ട് ഓഫീസർ പി. സുരേന്ദ്രൻ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർക്കുവേണ്ടി സൂപ്രണ്ട് സുമേഷ്‌കുമാർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
ആദ്യഘട്ടം
ലക്ഷ്യമിട്ട വീടുകൾ- 3000
പൂർത്തിയായത്- 95 ശതമാനം
രണ്ടാം ഘട്ടം
അപേക്ഷകൾ- 18,000
തിരഞ്ഞെടുത്തത്- 11,000
കരാർ ഒപ്പുവച്ചത്- 10000
പൂർത്തിയായത്- 15 ശതമാനം
ഈ മാസം പൂർത്തിയാകുന്നത്- 2500
ആദ്യഘട്ടം ഫ്ലാറ്റും
ആദ്യഘട്ടത്തിൽ മച്ചിപ്ളാവിൽ 217 ഫ്ളാറ്റുകൾ നിർമിച്ചു. 161 കുടുംബങ്ങൾ ഇവിടെ താമസിക്കുന്നുണ്ട്. ആധുനിക ഫ്ളാറ്റ് സമുച്ചയത്തിൽ വേണ്ട എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.