ചെറുതോണി: വെയിറ്റിംഗ്ഷെഡിനോട് ചേർന്നുള്ള ഗാർഡ്റൂംഇനിയും തുറന്നില്ല,ഇതോടെ പരിസരം വൃത്തിഹീനമായി. കലക്‌ട്രേറ്റിന് സമീപം നിർമിച്ചിരിക്കുന്ന വെയിറ്റിംഗ് ഷെഡും ഇതോടനുബന്ധിച്ച് നിർമിച്ചിരിക്കുന്ന ഓഫീസ് മുറിയും സംരക്ഷിക്കാത്തതിനെക്കുറിച്ച് വ്യാപക പരാതിയാണ് ഉയരുന്നത്. 12 ലക്ഷംരൂപ ചെലവിൽ മൂന്നുവർഷം മുമ്പ് റോഷി അഗസ്റ്റിൻ എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗിച്ച് നിർമിച്ചതാണ് വെയിറ്റിംഗ് ഷെഡ്. നിർമാണം പൂർത്തിയായ ശേഷം സംരക്ഷണ ചുമതല വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിനെയാണ് ഏൽപിച്ചിരിക്കുന്നത്. പഞ്ചായത്ത് ഇത് സംരഷിക്കാനോ സമീപമുള്ള മുറി പ്രയോജനപ്പെടുത്താനോ തയ്യാറായിട്ടില്ല. നിലവിൽ ഈ മുറി അടച്ചിട്ടിരിക്കുകയാണ്. നിർമാണ സമയത്ത് കലക്‌ട്രേറ്റിന് സമീപം പൊലീസിന്റെ ഗാർഡ് റൂമാക്കാനായിരുന്നു തീരുമാനം. എന്നാൽ വിശ്രമകേന്ദ്രത്തിലും സമീപമുള്ള ഓഫീസ് മുറിയും വൈദ്യുതീകരിക്കാനുള്ള നടപടി പഞ്ചായത്തെടുത്തിട്ടില്ല. പഞ്ചായത്ത് ഇപ്പോൾ ഇത് വാടകയ്ക്ക് നൽകാനുളള നീക്കത്തിലാണ്. കലക്‌ട്രേറ്റിന് സമീപം പൊതു ശൗചാലയമില്ലാത്തതിനാൽ വിവിധ ആവശ്യങ്ങൾക്കായി വിവിധ സ്ഥലങ്ങളിൽ നിന്നെത്തുന്നവർ പ്രഥമികാവശ്യങ്ങൾ നിറവേറ്റുന്നത് വിശ്രമകേന്ദ്രത്തിന്റെ പുറകിലാണ്. വിശ്രമകേന്ദ്രത്തിലെത്തുന്നവർ മൂക്കുപൊത്തേണ്ട അവസ്ഥയാണുള്ളത്.