rain
മഴ ഇല്ലാത്തതിനാൽ പറിച്ചു നടാൻ കഴിയാത്ത അവസ്ഥയിൽ ഞാറുകൾ.

മറയൂർ: കാലവർഷവും നൂൽമഴയും മറയൂരിൽ നിന്ന് അപ്രത്യക്ഷമായതോടെ നെൽകൃഷിക്കായി ഞാറുനട്ട കർഷകർ പ്രതിസന്ധിയിൽ. തിരുവാതിര ഞാറ്റുവേലയോട് അനുബന്ധിച്ച് ലഭിക്കുന്ന നൂൽമഴയിലാണ് മറയൂർ -കാന്തല്ലൂർ മേഖലയിൽ കാർഷിക വൃത്തികൾ സജീവമാകുന്നത്. കഴിഞ്ഞ വർഷം ഉണ്ടായ പ്രളയത്തിന് പിന്നാലെ ഉണ്ടായ തുലാവർഷം അത്രക്ക് ശക്തമല്ലാതിരുന്നതും പിന്നീട് ഉണ്ടായ കടുത്ത വേനലും കൃഷിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. വട്ടവട, കാന്തല്ലൂർ, മറയൂർ ഉൾപ്പെടുന്ന പഞ്ചായത്തുകളിലെ ജനജീവിതം മുന്നോട്ട് പോകുന്നത് കരിമ്പ്, നെല്ല്, റാഗി, തുടങ്ങിയ വിളകളുടെയും ശീതകാല പച്ചക്കറികളായ കാബേജ്, കോളിഫ്ളവർ തുടങ്ങിയവയുടെ കൃഷിയെയും ആശ്രയിച്ചാണ്. മതിയായ ജലസേചന സൗകര്യമില്ലാത്തതിനാൽ മഴയെയും കാലാവസ്ഥയെയും ആശ്രയിച്ചാണ് മൂന്ന് പഞ്ചായത്തുകളിലെയും കൃഷി മുന്നോട്ട് പോകുന്നത്. ഓണക്കാലത്തെ വിപണി ലക്ഷ്യം വച്ച കൃഷിയിറക്കിയ കർഷകരെല്ലാം പ്രതിസന്ധിയിലാണ്. ജൂലായ് ആരംഭത്തിൽ രണ്ട് ദിവസം മഴ ലഭിച്ചിരുന്നു. ഈ കണക്ക് കൂട്ടലിലാണ് കീഴാന്തൂർ നടുമാശിയിൽ പരമ്പരാഗതമായി നെൽകൃഷി ചെയ്തു വന്നവർ നിലം കന്നുകാലികളെയും മറ്റും ഉപയോഗിച്ച് ഒരുക്കി നെല്ല് വിത്ത് വിതച്ചത്. കർഷകർക്ക് പ്രതീക്ഷകൾ നൽകി ഞാറുകൾ കതിരിട്ടു. എന്നാൽ അഞ്ചുനാട് മേഖലയിൽ നിന്നും മഴമേഖലങ്ങൾ പൂർണമായും പിൻമാറിയതോടെ ഞാറ് പറിച്ച് നടാൻ കഴിയാത്ത അവസ്ഥയിലുമാണ്. ഇനിയും മഴ എത്തിയില്ലെങ്കിൽ ഞാറുകൾ മുഴുവൻ കരിഞ്ഞുണങ്ങി പോകും. വെള്ളമില്ലാത്തതിനാൽ കാന്തല്ലൂർ നടുമാശിയിലെ കരിമ്പ് കൃഷിയും കരിഞ്ഞു തുടങ്ങി. അടുത്തമാസം മുറിക്കേണ്ട കരിമ്പ് ഇപ്പോൾ തന്നെ വെട്ടി ശർക്കരയാക്കിയും മറ്റുമാണ് കർഷർ പ്രതിസന്ധിയെ അതിജീവിക്കുന്നത്.