earumaadam
ഏഴുകമ്പി സർക്കാർ എൽ.പി സ്‌കൂൾമുറ്റത്തെ അത്തിമരത്തിലെ ഏറുമാടം

ഇടുക്കി: പ്രകൃതിയെ പാഠപുസ്തകമാക്കുകയാണ് കഞ്ഞിക്കുഴി ഏഴുകമ്പിയിലെ സർക്കാർ എൽ.പി സ്‌കൂൾ. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ജൈവ വൈവിധ്യ ഉദ്യാന നിർമാണത്തിന് സംസ്ഥാനതലത്തിലെ മികച്ച സ്‌കൂളായി തിരഞ്ഞെടുത്തിരുന്നു. ജൈവ വൈവിധ്യ ഉദ്യാനത്തിന്റെ ഭാഗമായി ചെറുതും വലുതുമായ 22 പ്രവർത്തനങ്ങളാണ് നടപ്പാക്കുന്നത്. മൂന്ന് വർഷം മുമ്പാണ് പ്രകൃതിയെ പാഠപുസ്തകമാക്കിയുള്ള പഠനരീതി ആവിഷ്‌കരിച്ചത്. ശലഭപാർക്കാണ് സ്‌കൂൾവളപ്പിലെ പ്രധാന ആകർഷണം. വിവിധ ഇനങ്ങളിൽപ്പെട്ട ശലഭങ്ങളെ ആകർഷിക്കുന്നതിനുവേണ്ടി മന്ദാരം, ആളി, കൊങ്ങിണി, കൃഷ്ണകിരീടം, എരുക്ക് തുടങ്ങിയ നിരവധി ചെടികളാണ് സംരക്ഷിച്ചുപോരുന്നത്. ഓരോ കാലഘട്ടത്തിലും പാർക്കിലെത്തുന്ന ശലഭങ്ങളെ കണ്ട് കുട്ടികൾക്കു പഠനം നടത്താൻ കഴിയും. തുമ്പ, മുക്കുറ്റി, തഴുതാമ, കൂവളം, ചെമ്പകം, മുയൽ ചെവിയൻ, ചെറൂള തുടങ്ങി നിരവധി ഔഷധസസ്യങ്ങളാണ് ഔഷധത്തോട്ടത്തിലുള്ളത്. ഔഷധസസ്യങ്ങളുടെ പേര്, ശാസ്ത്രനാം, ഉപയോഗം എന്നിവ ജൈവവൈവിധ്യ രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അത്തി, അരയാൽ എന്നിവയുടെ തണലിൽ കുട്ടികൾക്ക് ഇരുന്നു വിശ്രമിക്കാനും പഠിക്കാനും മുളകൊണ്ടുള്ള ബഞ്ചുകളും ഒരുക്കിയിട്ടുണ്ട്. സ്‌കൂളിലെ തോട്ടത്തിൽ ഉത്പാദിപ്പിക്കുന്ന പച്ചക്കറികളാണ് ഉച്ചഭക്ഷണത്തിന് ഉപയോഗിക്കുന്നത്. ജലസസ്യങ്ങൾ, ജീവികൾ, അവയുടെ സഞ്ചാരം, ചലനശേഷി തുടങ്ങിയ വ്യത്യാസങ്ങൾ പഠിക്കുന്നതിന് മത്സ്യക്കുളം ഒരുക്കിയിട്ടുണ്ട്. ജൈവഗ്യാസ് സംവിധാനവും സ്‌കൂളിലെ പാചകപുരയിൽ ഒരുക്കിയിട്ടുണ്ട്. കിളികൾക്കുവേണ്ടി കുളവും ഇവിടെയുണ്ട്. കടുത്ത വേനലിൽ നിരവധി കിളികളാണ് ആ കിളിക്കുളത്തിൽ കുളിക്കാനും വെള്ളം കുടിക്കാനും എത്തുന്നത്. കുട്ടികളുടെ പേശീബലത്തിനുവേണ്ടി ഏറുമാടം നിർമിച്ചിട്ടുണ്ട്. കുട്ടികളും അദ്ധ്യാപകരും ചേർന്നൊരുക്കിയ ഈ ജൈവസമ്പത്ത് സംരക്ഷിച്ചുപോരുന്നത് സമീപവാസികളായ നാട്ടുകാരും പി.ടി.എയുമാണ്. ജൈവവൈവിധ്യ ഉദ്യാന നിർമ്മാണങ്ങൾക്ക് ഹെഡ്മാസ്റ്റർ പി.കെ. ശശിമോൻ മേൽനോട്ടം വഹിക്കുന്നത്. അദ്ധ്യാപകരായ രാജേഷ് രവീന്ദ്രൻ, ജിനേഷ് ജോർജ്, അനിത പി.ആർ, ബിജു,വി എന്നിവരും ഹെഡ്മാസ്റ്റർക്ക് ഒപ്പമുണ്ട്.