തൊടുപുഴ: ഗതാഗത പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിന് ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെ നേതൃത്വത്തിൽ രൂപീകരിച്ച വഴിക്കണ്ണ് പദ്ധതിയുടെ ഭാഗമായി ഇന്നലെ തൊടുപുഴ നഗരത്തിൽ വിവിധ സ്ഥലങ്ങളിൽ സന്ദർശനം നടത്തി.പ്രധാനമായും നഗര പരിധിയിലുള്ള ഓട്ടോ സ്റ്റാന്റുകളുടെയും ഇവിടങ്ങളിൽ ഓട്ടം നടത്തുന്ന ഓട്ടോകളുടെയും എണ്ണമാണ് തിട്ടപ്പെടുത്തിയത്. മൂന്നു വർഷം മുൻപു നടന്ന നഗരസഭ ഉപദേശക സമിതി തീരുമാനം അനുസരിച്ച് നഗരസഭ പരിധിയിൽ 52 ഓട്ടോറിക്ഷ സ്റ്റാൻഡുകൾ ഉണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം. എന്നാൽ നഗരത്തിന്റെ ചുറ്റളവിൽ 35 സ്റ്റാന്റുകൾ മാത്രമാണുള്ളത്. ഇതിന്റെ അടിസ്ഥാനത്തിൽ 35 സ്റ്റാന്റുകൾ കേന്ദ്രീകരിച്ചാണ് വഴിക്കണ്ണ് അധികൃതർ ഇന്നലെ നഗരത്തിൽ സന്ദർശനം നടത്തിയത്. ഇന്നലെ രാവിലെ 9 മുതൽ 2 വരെയുള്ള സന്ദർശനത്തിൽ 12 ഓട്ടോ സ്റ്റാന്റുകളിൽ സന്ദർശനം നടത്തി.സന്ദർശനം നടത്തിയ സ്റ്റാന്റുകളിൽ ചിലത് ഹൈക്കോടതി ഉത്തരവ് പാലിക്കുന്നില്ല എന്നും കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായും അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടു. എന്നാൽ നഗരസഭയുടെ സഹകരണത്തോടെ വിവിധ തലങ്ങളിലുള്ള ചർച്ചകളുടെ അടിസ്ഥാനത്തിൽ പ്രശ്‌നം പരിഹരിക്കാൻ കഴിയുമെന്ന് അധികൃതർ പറഞ്ഞു. ഇന്നലെ എത്തിപ്പെടാൻ സാധിക്കാത്ത സ്ഥലങ്ങളിലെ ഓട്ടോ സ്റ്റാന്റുകളുടെ പ്രശ്‌നങ്ങൾ 5 ന് പൂർത്തിയാക്കും. ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ ദിനേശ് എം പിള്ളയുടെ നേതൃത്വത്തിൽ നടത്തിയ സന്ദർശനത്തിൽ പൊലീസ്, മോട്ടോർ വാഹനം, പൊതുമരാമത്ത് തുടങ്ങിയ വകുപ്പിലെ ഉദ്യോഗസ്ഥർ, ട്രാക്ക്, ഐഎം എ, വ്യാപാരി വ്യവസായി സംഘടന പ്രതിനിധികൾ എന്നിവരും പങ്കെടുത്തു