murder-case

തൊടുപുഴ: പെറ്റിക്കേസുമായി സ്റ്റേഷനിൽ എത്തുന്നവരെ പോലും ഉരുട്ടികൊല്ലുന്ന പൊലീസിന്റെ കൺമുന്നിൽ,​ ഒരു കുടുംബത്തിലെ നാലുപേരെ കൊന്ന് കുഴിച്ചുമൂടിയ കൂട്ടക്കൊലക്കേസിലെ പ്രതികൾ സസുഖം വാഴുന്നു. നാടിനെ നടുക്കിയകമ്പകക്കാനം കൊലപാതകം നടന്ന് ഒരു വർഷം കഴിഞ്ഞിട്ടും പൊലീസ് കുറ്റപത്രം സമർപ്പിക്കാൻ തയ്യാറാകാത്തതാണ് പ്രതികൾ പൊതുജനമദ്ധ്യത്തിലൂടെ വിലസാൻ കാരണം.

അറസ്റ്റ് ചെയ്ത് 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ ജാമ്യം നൽകണമെന്ന സുപ്രീകോടതി ഉത്തരവ് പ്രകാരം കൂട്ടകുരുതി നടത്തിയവർ വെറും മൂന്ന് മാസം മാത്രം അകത്ത് കടന്ന ശേഷം പുറത്തിറങ്ങി സ്വസ്ഥമായി ജീവിക്കുന്നു. കേസ് അന്വേഷിച്ച് ദിവസങ്ങൾക്കകം പ്രതികളെ പിടികൂടിയതിന് അന്വേഷണഉദ്യോഗസ്ഥ‌ർ അവാ‌ർ‌ഡ് വാങ്ങിയിരുന്നു. എന്നാൽ പ്രതികളെ പിടിക്കാനുണ്ടായ ഉത്സാഹം പരമാവധി ശിക്ഷ വാങ്ങി നൽകുന്നതിൽ പൊലീസിനില്ലെന്നാണ് ആക്ഷേപം. തൊടുപുഴ ഡിവൈ.എസ്.പി കെ.പി. ജോസ്, ക്രൈം ഡിറ്റാച്ച്‌മെന്റ് ഡിവൈ.എസ്.പി ആന്റണി തോമസ് എന്നിവരുടെ നേതൃത്വത്തിൽ ആറ് സി.ഐമാരുൾപ്പെടെ 65 അംഗ പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്.

ഓരോ തവണയും ഓരോ കാരണങ്ങൾ

ആയുധങ്ങളുടെയും മറ്റ് ശാസ്ത്രീയ പരിശോധനകളുടെയും റിപ്പോർട്ട് ലഭിക്കാനുള്ള കാലതാമസമാണ് കുറ്റപത്രം സമർപ്പിക്കാൻ ഒരു വ‍ർഷം സമയമെടുത്തതെന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥരുടെ വിശദീകരണം.
ഡി.എൻ.എ പരിശോധന ഫലം ലഭിക്കാൻ വൈകി. സംഭവസ്ഥലത്ത് നിന്ന് ലഭിച്ച രക്തസാമ്പിളുകളും വിരലടയാളവുമടക്കമുള്ള പരിശോധന റിപ്പോർട്ടുകൾ ലഭിക്കുന്നതിൽ കാലതാമസമുണ്ടായെന്നും പൊലീസ് പറയുന്നു. കുറ്റപത്രത്തിന്റെ കോപ്പി പ്രതികൾക്ക് നൽകാനുള്ള നടപടി പൂർത്തിയാകാനുണ്ടെന്നും കൊലപാതകം നടന്ന് ഒരു വർഷം പൂർത്തിയായ ജൂലായ് 29ന് കുറ്റപത്രം സമർപ്പിക്കുമെന്നുമായിരുന്നു ഏറ്റവും അവസാനം പൊലീസ് പറഞ്ഞിരുന്നത്. എന്നാൽ അതുമുണ്ടായില്ല.

നാടിനെ നടുക്കിയ കൂട്ടക്കൊല

കഴിഞ്ഞ ജൂലായ് 29നായിരുന്നു വണ്ണപ്പുറം കമ്പകക്കാനം കാനാട്ട് കൃഷ്ണൻ (54), ഭാര്യ സുശീല (50), മക്കളായ ആർഷ (21), അർജുൻ (17) എന്നിവരെ അടിച്ചും കുത്തിയും കൊലപ്പെടുത്തി വീടിന് സമീപെ ഒരു കുഴിയിൽ തന്നെ കുഴിച്ചുമൂടിയത്.

കൊല്ലപ്പെട്ട കൃഷ്ണന്റെ ശിഷ്യനായ അടിമാലി കൊരങ്ങാട്ടി തേവർകുടിയിൽ അനീഷും സുഹൃത്ത് തൊടുപുഴ കാരിക്കോട് സാലിഭവനിൽ ലിബീഷ് ബാബുവും അർദ്ധരാത്രി കൃഷ്ണന്റെ വീട്ടിലെത്തി ഇവരുടെ ആടിനെ ഉപദ്രവിച്ചു. ആട് കരയുന്ന ശബ്ദം കേട്ട് കൃഷ്ണൻ പുറത്തിറങ്ങിയപ്പോൾ ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് തലയ്ക്കടിച്ച് വീഴ്ത്തി. തുടർന്ന് സുശീലയെയും മകൾ ആർഷയെയും മാനസിക വെല്ലുവിളി നേരിടുന്ന മകൻ അർജുനെയും തലക്കടിച്ച് വാക്കത്തി ഉപയോഗിച്ച് വെട്ടിവീഴ്ത്തുകയായിരുന്നു. വീട്ടിൽ നിന്ന് 20 പവനോളം സ്വർണവും പണവും കവർന്നു. പിറ്റേന്ന് രാത്രിയെത്തിയാണ് ആട്ടിൻകൂടിനു സമീപം കുഴിയെടുത്ത് മൃതദേഹങ്ങൾ മൂടിയത്. രണ്ട് ദിവസത്തിന് ശേഷമാണ് വിവരം പുറം ലോകം അറിയുന്നത്. കൊലപാതകത്തിന്റെ ആസൂത്രകനായ അനീഷും ലിബീഷും ദിവസങ്ങൾക്കകം പിടിയിലായി. പ്രതികൾക്ക് കൈയുറ വാങ്ങിക്കൊടുത്ത തൊടുപുഴ ആനക്കൂട് ചാത്തൻമല ഇലവുങ്കൽ ശ്യാംപ്രസാദ്, മോഷ്ടിച്ച സ്വർണം പണയം വയ്ക്കാൻ സഹായിച്ച മൂവാറ്റുപുഴ വെള്ളൂർക്കുന്ന് പട്ടരുമഠത്തിൽ സനീഷ് എന്നിവരെയും പിടികൂടി.

കേസിൽ ദുരുഹത
ആദ്യഘട്ടത്തിൽ മന്ത്രവാദത്തിന്റെ ഭാഗമായുള്ള കൂട്ടക്കൊലയാണെന്നാണ് മുൻ ഇടുക്കി എസ്.പിയടക്കമുള്ളവർ മാദ്ധ്യമങ്ങളോട് പറഞ്ഞത്. ഒരു ഘട്ടത്തിൽ അന്യസംസ്ഥാനത്ത് നിന്നുള്ളവർക്ക് കേസിൽ പങ്കുണ്ടെന്നും കേട്ടിരുന്നു. എന്നാൽ ഇതെല്ലാം തള്ളികളഞ്ഞ് കൃഷ്ണന്റെ വീട്ടിൽ നിന്ന് സ്വർണവും പണവും മോഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ അനീഷും ലിബീഷ് ബാബുവും കൊലപാതകം നടത്തിയെന്നാണ് പൊലീസ് ഇപ്പോൾ പറയുന്നത്.

''കേസിലെ ഒന്നും രണ്ടും പ്രതികൾ നേരത്തെ ചില കേസുകളിൽ കൂടി പ്രതികളായിരുന്നു. ഇതിന്റെ വിവരങ്ങൾ കൂടി ചേർക്കുന്നതിനാലാണ് കുറ്റപത്രം സമർപ്പിക്കുന്നത് വൈകുന്നത്. എന്തായാലും രണ്ട് മൂന്ന് ദിവസത്തിനകം സമർപ്പിക്കും. ""

- കെ.പി. ജോസ് (തൊടുപുഴ ഡിവൈ.എസ്.പി)