തൊടുപുഴ: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സാങ്കേതിക ക്ലാസ് മുറികൾ കൈകാര്യം ചെയ്യുന്നതിന് ഐ.ടി അറ്റ് സ്‌കൂളിന്റെ നേതൃത്വത്തിൽ മുഴുവൻ ഹയർസെക്കൻഡറി പ്രിൻസിപ്പൽമാർക്കും ഹൈസ്‌കൂൾ വിഭാഗം പ്രഥമാദ്ധ്യാപകർക്കും ഹൈടെക് പദ്ധതിയിൽ പരിശീലനം നൽകുന്നു. ഹയർസെക്കൻണ്ടറി ഹൈസ്‌കൂൾ വിഭാഗങ്ങളിലായി ജില്ലയിലാകെയുള്ള 240 പൊതുവിദ്യാലയങ്ങളിലെ മുഴുവൻ ക്ലാസ്മുറികളും കഴിഞ്ഞ അക്കാദമിക വർഷത്തിൽ തന്നെ ഹൈടെക്ക് ആക്കിയിരുന്നു. ഹൈടെക് ക്ലാസുകളിൽ പഠിപ്പിക്കുന്നതിന് ജില്ലയിലെ മുഴുവൻ അദ്ധ്യാപകർക്കും നേരത്തെ പരിശീലനം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രഥമാദ്ധ്യാപകർക്കും പരിശീലനം നൽകുന്നത്. ഹൈസ്‌കൂൾ വിഭാഗം പ്രഥമഅദ്ധ്യാപകർക്കുള്ള പരിശീലനം ഇന്നലെ പൂർത്തിയായി. ഇതിന്റെ തുടർച്ചയായി പ്രിൻസിപ്പൽമാർക്കും ഹയർസെക്കൻഡറി ഐ.ടി കോ ഓർഡിനേറ്റർമാർക്കുമുള്ള പരിശീലനം മൂന്നിന് തൊടുപുഴ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ, ഗവ. ഹൈസ്‌കൂൾ അടിമാലി, കട്ടപ്പന സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിൽ നടക്കും.
പരിശീലന വിഷയങ്ങൾ
ഹൈടെക് സ്‌കൂൾ പരിപാലനം
നവീകരിച്ച സമഗ്ര പോർട്ടലിന്റെ ഉപയോഗം
പുതിയ അദ്ധ്യയന വർഷത്തെ പ്രവർത്തനങ്ങൾ
നെറ്റ് വർക്ക് പ്രശ്‌നങ്ങളുടെ പരിഹാരം
ഉപകരണങ്ങളുടെ പരാതി പരിഹാര സംവിധാനം
ഹൈടെക് സംവിധാനത്തിലൂടെയുള്ള മോണിറ്ററിംഗ്
മുഴുവൻ പ്രൈമറി സ്‌കൂളും ഡിജിറ്രലാകുന്നു
മുഴുവൻ പ്രൈമറി സ്‌കൂളിലെയും ക്ലാസ് മുറികൾ ഡിജിറ്റിലൈസ് ചെയ്യുന്ന പ്രവർത്തനം അന്തിമ ഘട്ടത്തിലാണ്. അടിസ്ഥാന സൗകര്യങ്ങളുള്ള 368 സ്‌കൂളുകളിൽ ഹൈടെക് സംവിധാനം സജീകരിക്കുന്നതിന്റെ ഭാഗമായി 368 ലാപ്‌ടോപ്പുകളും 150 മൾട്ടി മീഡിയ പ്രോജക്ടറുകളും 152 പ്രോജക്ടറുകളും വിതരണം ചെയ്തു.
''പ്രഥമാദ്ധ്യാപകർക്ക് കൂടി പരിശീലനം ലഭ്യമാകുന്നതോടെ ജില്ലയിലെ പൊതുവിദ്യാലയങ്ങളിലെ വിവര സാങ്കേതിക സൗഹൃദ ക്ലാസ് മുറികളിൽ വിപ്ലവകരമായ പരിവർത്തനങ്ങളാകുമുണ്ടാകുക.
-കെ.എ. ബിനുമോൻ
(പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ- ഓർഡിനേറ്റർ)