കുമളി: വണ്ടിപെരിയാർ മഞ്ചുമല പുതുവൽ ഭാഗത്ത് രാത്രിയിൽ കാടിറങ്ങിയ ഒറ്റയാൻ കൃഷിയിടങ്ങൾ നശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെ മുല്ലശേരിയിൽ സുധീഷ് ബാബുവിന്റെ കൃഷിയിടത്തിലാണ് ഒറ്റയാൻ എത്തിയത്. അറുപതോളം ഏലചെടികളും പനയും ആന തകർത്തു. വനപാലകരെ വിവരം അറിയിച്ചിട്ടും ആളില്ലെന്ന കാരണം പറഞ്ഞ് സ്ഥലത്ത് എത്തിയില്ല. കഴിഞ്ഞ വർഷവും ആനയെത്തി കൃഷി നശിപ്പിച്ചിരുന്നു. പുലർച്ചെ യൂക്കാലി പ്ലാന്റിൽ നിലയുറപ്പിച്ച ആന രാത്രിയിൽ വീണ്ടും എത്തുമോ എന്നാണ് പ്രദേശവാസികൾ ഭയക്കുന്നത്. കഴിഞ്ഞ ദിവസം കല്ലാർ കവലയിൽ ആനയെ കണ്ടതായി ദൃസാക്ഷികൾ പറയുന്നു. നിരവധി ജനങ്ങൾ തിങ്ങിപാർക്കുന്ന ഹരിജൻ കോളനിയ്ക്ക് സമീപമാണ് കാട്ടാനയുടെ പരാക്രമം. ആനയെ തുരത്താൻ വനംവകുപ്പിന്റെ ഭാഗത്ത് നിന്ന് നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.