prathikal
പിടിയിലായ കുമാർ, രഘുരാജ്

രാജാക്കാട്: കേരളത്തിലേയ്ക്ക് ബസിൽ കടത്താൻ ശ്രമിച്ച 4.1 കിലോഗ്രാം ഉണക്ക കഞ്ചാവുമായി രണ്ട് പേർ ബോഡിമെട്ട് ചെക്പോസ്റ്റിൽ എക്‌സൈസിന്റെ പിടിയിലായി. മൂന്നാർ കെ.ഡി.എച്ച് വില്ലേജിൽ തീർത്ഥമല ഡിവിഷനിൽ പത്തുമുറി ലയത്തിൽ താമസക്കാരായ കുമാർ (49), എഡ്വേർഡ് ദാസ് എന്ന് വിളിക്കുന്ന രഘുരാജ് (29) എന്നിവരാണ് ചെക് പോസ്റ്റിലെ എക്‌സൈസ് ഇൻസ്‌പെക്ടർ പി.എം കുഞ്ഞുമുഹമ്മദിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പിടിയിലായത്. രണ്ട് മൊബൈൽ ഫോണുകളും 1,100 രൂപയും ഇവരിൽ നിന്ന് കണ്ടെടുത്തു. വ്യാഴാഴ്ച വൈകിട്ടോടെയാണ് സംഭവം. ബോഡിനായ്ക്കന്നൂരിൽ നിന്ന് ചെക്പോസ്റ്റിൽ എത്തിചേർന്ന തമിഴ്നാട് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ ബസ് പരിശോധിക്കുന്നതിനിടെ കൈയിൽ ബാഗുമായി രണ്ട് പേർ ബസിന്റെ പിൻവാതിലിലൂടെ ചാടിയിറങ്ങി ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. ഇവരെ സംഘം പിന്തുടർന്ന് പിടികൂടി ചോദ്യം ചെയ്യുകയും ബാഗുകൾ പരശോധിയ്ക്കുകയും ചെയ്തു. രഘുരാജിന്റെ കൈവശമുണ്ടായിരുന്ന ബാഗിൽ നിന്ന് 2.1 കിലോഗ്രാം കഞ്ചാവും കുമാറിന്റെ പക്കലുണ്ടായിരുന്ന ബാഗിൽ നിന്ന് രണ്ട് കിലോഗ്രാം കഞ്ചാവും കണ്ടെടുക്കുകയായിരുന്നു. ഇതോടൊപ്പമുണ്ടായിരുന്ന രണ്ട് മൊബൈൽ ഫോണുകളും 1,100 രൂപയും കസ്റ്റഡിയിൽ എടുത്തു. ബോഡിനായ്ക്കന്നൂരിൽ നിന്ന് കിലോഗ്രാമിന് 20,000 രൂപ നിരക്കിലാണ് കഞ്ചാവ് വാങ്ങിയതെന്നും മൂന്നാർ മേഖലയിൽ എത്തുന്ന ടൂറിസ്റ്റുകൾക്ക് ചെറുപൊതികളാക്കി വിൽക്കുകയായിരുന്നു ലക്ഷ്യമെന്നും പ്രതികൾ മൊഴി നൽകി. എൻ.ഡി.പി.എസ് സെക്ഷൻ 20 (ബി) പ്രകാരം ഇരുവർക്കുമെതിരെ കേസെടുത്തു. നെടുങ്കണ്ടം കോടതിയിൽ ഹാജരാക്കിയ പ്രതികളെ പീരുമേട് സബ് ജയിലിൽ റിമാന്റ് ചെയ്തു. ഗ്രേഡ് പ്രിവന്റീവ് ഓഫീസർ എം.കെ. ഷാജി, സിവിൽ എക്‌സൈസ് ഓഫീസർമാരായ പ്രമോദ് കുമാർ, എം.എം. അമ്പിൻസ്, ബിനു ജോസഫ് എന്നിവരും പരശോധനയിൽ പങ്കെടുത്തു.