ഇടുക്കി: സ്റ്റുഡന്റ്സ് പൊലീസിലൂടെ പ്രതിബദ്ധതയുള്ള സമൂഹത്തെ വാർത്തെടുക്കാൻ സാധിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ടി. നാരായണൻ. കഞ്ഞിക്കുഴി എസ്.എൻ.വി.എച്ച് സ്‌കൂളിൽ സ്റ്റുഡന്റ്സ് പൊലീസിന്റെ പത്താമത് വാർഷിക സെറിമോണിയൽ പരേഡിന് സല്യൂട്ട് സ്വീകരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിലെ ഇവരുടെ സേവനം അഭിനന്ദനം അർഹിക്കുന്നതാണെന്നും അച്ചടക്കമുള്ള തലമുറയെ വാർത്തെടുക്കുന്നതിൽ ഇവരുടെ പങ്ക് വലുതാണെന്നും അദ്ദേഹം പറഞ്ഞു. വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ചടങ്ങിൽ ജില്ലാ പൊലീസ് മേധാവി എസ്.പി.സി പതാക ഉയർത്തുകയും പരേഡ് പരിശോധിക്കുകയും ചെയ്തു. പരേഡ് കമാന്റർ വൈഗ അനിലിന്റെ നേതൃത്വത്തിൽ ആറ് പ്ലാറ്റൂൺ കമാൻഡോകളും കേഡറ്റുകളുമാണ് മാർച്ച് പാസ്റ്റിൽ പങ്കെടുത്തത്. ഇടുക്കി എസ്.പി.സിയുടെ ശ്രീനാരായണ ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിയായ അഞ്ജന ബൈജുവിന്റെ നേതൃത്വത്തിലുള്ള ബാന്റ് ടീം പരേഡിന് നാദ താളലയമൊരുക്കി. ശ്രീനാരായണ ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥികളായ വൈഗ അനിൽ, വിനു ഇ.എസ്, ദേവാനന്ദൻ, ശശാങ്ക് യാദവ്, രാഗേന്ദു സിനീഷ്, പഴയരിക്കണ്ടം ഗവ. ഹൈസ്‌കൂൾ വിദ്യാർത്ഥികളായ ജിസ ബിനോയ്, ജിത്തു കെ.എസ്, ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്‌കൂൾ വിദ്യാർത്ഥിനി ഗോപിക എസ്. ബിജു എന്നിവരുടെ നേതൃത്വത്തിലാണ് പരേഡ് നടന്നത്. തൊടുപുഴ ഡിവൈ.എസ്.പി കെ.പി ജോസ്, എസ്.പി.സി ജില്ലാ നോഡൽ ഓഫീസറും ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പിയുമായ പി. സുകുമാരൻ, എസ്.പി.സി അഡിഷണൽ നോഡൽ ഓഫീസർ സുരേഷ് ബാബു, ആർ. സുരേഷ് തുടങ്ങിയവർ പരേഡിൽ പങ്കെടുത്തു.