ചെറുതോണി: തോരാതെ മഴ ലഭിക്കേണ്ട കർക്കടകമാസം പകുതിയാകുമ്പോൾ മഴയെ പോയെന്ന് ഒരു പിടിയുമില്ല. തുടക്കത്തിൽ ഒരാഴ്ച പെയ്തതല്ലാതെ കാലവർഷം ഇതുവഴി തിരിഞ്ഞുനോക്കിയിട്ടില്ല. മഴ മാറി വെയിൽ ശക്തമായതോടെ കാർഷിക, വൈദ്യുതി മേഖലകളിൽ പ്രതിസന്ധി സൃഷ്ടിച്ച് ജലസ്രോതസുകൾ വറ്റിവരളുകയാണ്. ചെറുഅരുവികളിൽ പോലും വേനൽക്കാലത്തെ പോലെ വെള്ളമില്ലാത്ത സ്ഥിതിയാണ്. കഴിഞ്ഞ നാല് ദിവസമായി ചൂടും വർദ്ധിച്ചു. ശീതീകരണ സംവിധാനങ്ങളുടെ ഉപയോഗം വർദ്ധിച്ചതോടെ ഊർജമേഖല നേരിടുന്നതും ഗുരുതര പ്രതിസന്ധിയാണ്. ആഗസ്റ്റ് മാസത്തിലേക്ക് എത്തിയതോടെ കാലവർഷം പകുതി പിന്നിട്ടു കഴിഞ്ഞു.

മഴക്കുറവ് ഇങ്ങനെ

ആകെ മഴക്കുറവ്- 32 ശതമാനം

ജൂൺ- 44%

ജൂലായ്- 21%

ഡാമുകളിൽ ജലനിരപ്പ് താഴുന്നു

മഴയില്ലാതായതോടെ അണക്കെട്ടുകളിലെ ജലനിരപ്പും താഴുകയാണ്. കഴിഞ്ഞ വർഷം ഇതേ സമയം മിക്കഡാമുകളിലും 90 ശതമാനം ജലം ഉണ്ടായിരുന്നു. എന്നാൽ സംസ്ഥാനത്തെ ഏറ്റവും വലിയ ജല വൈദ്യുതപദ്ധതിയായ ഇടുക്കിയിൽ നിലവിൽ 20 ശതമാനം ജലം മാത്രമാണുള്ളത്. നീരൊഴുക്കു കുറഞ്ഞതോടെ വൈദ്യുതി ഉത്പാദനവും ഇടുക്കി പദ്ധതിയിൽ കുറച്ചു.

 വ്യാഴാഴ്ച ഉത്പാദിപ്പിച്ച വൈദ്യുതി- 3.593 മില്യൺ യൂണിറ്റ്

 വെള്ളിയാഴ്ച ഉത്പാദിപ്പിച്ച വൈദ്യുതി- 2.272 മില്യൺ യൂണിറ്റ്

 ഇടുക്കി ഡാമിലെ ജലനിരപ്പ്- 2315.92

 2018ലെ ഇതേ സമയം ജലനിരപ്പ്- 2396.12